നബി തങ്ങളുടെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പ് കാരൻ ആഗാ അഹമ്മദ് അലി യാസീൻ അന്തരിച്ചു
മദീന: അന്തരിച്ച മദീനയിലെ മസ്ജിദുന്നബവിയിലെ നബി തങ്ങളുടെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പ്കാരൻ ആഗാ അഹമ്മദ് അലി യാസീന്റെ മയ്യത്ത് ഖബറടക്കി. 95 വയസായിരുന്നു. തിങ്കളാഴ്ച മരണപ്പെട്ട ഇദ്ദേഹത്തെ മദീനയിലെ ജന്നതുൽ ബഖീഇലാണ് ഖബറടക്കിയത്. റൗദ ശരീഫ് അടക്കമുള്ള പാവന ഭവനത്തിന്റെ കാവൽക്കാരനായിരുന്ന അഹമ്മദ് യാസീന്റെ പിൻമുറക്കാരായി ഇനി മൂന്ന് പേർ മാത്രമാണ് അവശേഷിക്കുന്നത്.
തുർക്കി പദമായ അഗ്‌വാത്തുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവരെ ആഗമാർ എന്നും വിളിക്കാറുണ്ട്. (തുർക്കി ഭാഷയിൽ മൊല്ലമാർ എന്നാണ് ഇതിനർത്ഥം). അയ്യൂബി ഭരണാധികാരിയായിരുന്ന നാസർ ബിൻ സലാഹുദ്ദീൻ ആണ് ആദ്യമായി ഹറമിൽ വന്ധ്യത പേറുന്ന അഗ്‌വാത്തുകളെ നിയമിച്ചതെന്നാണ് ചരിത്രം. രാഷ്ട്ര പ്രധാനികളോ വിദേശപ്രമുഖരോ മസ്ജിദുന്നബവിയിലേക്ക് വരുമ്പോൾ ഊദ് പുകച്ചും സംസം നൽകിയും അവരെ സ്വീകരിക്കാനുള്ള പരമ്പരാഗത ചുമതലയായിരുന്നു ഇവരുടെ ജോലി.
കൊട്ടാരങ്ങളിലെ അന്തപുരങ്ങളുടെ സംരക്ഷണ ചുമതലയും ഇവർക്കായിരുന്നു. കൂടാതെ, ജുമുഅക്ക് മസ്ജിദുന്നബവിയുടെ മിമ്പർ ഖത്തീബിന് തുറന്ന് കൊടുക്കൽ, ഖത്തീബിന് പിടിക്കാനുള്ള വടി നൽകൽ, ജുമുഅക്ക് മുമ്പ് പള്ളിയിൽ ഊദ് പുകക്കൽ, ജിബ്‌രീൽ വാതിലിന് സമീപം ഊദ് കത്തിച്ച് വെക്കൽ, എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെതടക്കമുള്ള ഖബറുകൾ തൂത്തുവാരൽ എന്നിവ ഇവരുടെ ജോലിയാണ്.
എത്യോപ്യയിൽ നിന്ന് എത്തിയിരുന്ന ഇവർക്ക് വന്ധ്യത, ഹറമിൽ ഏഴ് വർഷം സേവനം, നേതാക്കളെ അനുസരിക്കൽ, ആരോഗ്യം എന്നിവയാണ് ഈ സ്ഥാനത്തെത്താനുള്ള യോഗ്യതയായി കണക്കാക്കിയിരുന്നത്. പിന്നീട് രാജാവിന്റെ നിർദേശപ്രകാരം ഇവർക്ക് സഊദി പൗരത്വം നൽകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ നിലവിൽ പുതിയ ആഗമാരെ റിക്രൂട്ട് ചെയ്യുന്നില്ല. 43 വർഷം മുമ്പായിരുന്നു അവസാന നിയമനം. മസ്ജിദുന്നബവിയുടെ കിഴക്ക് ഭാഗത്ത് ഉണ്ടായിരുന്ന അഗ്വാത് സ്ട്രീറ്റ്റിലായിരുന്നു ഇവരുടെ നേതാവിന്റെ കേന്ദ്രം.
മസ്ജിദുന്നബവിയിലെ പ്രവാചകന്റെ ഭൗതിക ശരീരം മോഷ്ടിച്ച് കടത്താൻ ശ്രമമുണ്ടായതിനെ തുടർന്നാണ് അയ്യൂബി ഭരണാധികാരികൾ വന്ധീകരണത്തിന് വിധേയരായ ഇവരെ പാറാവ് ചുമതലയേൽപ്പിച്ചതെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. സഊദിയിലെ ഹജ്ജ് ഗവേഷണ വിഭാഗവും പല ചരിത്രകാരന്മാരും ഇവരെ കുറിച്ച് പ്രബന്ധങ്ങളിലും ഗ്രന്ഥങ്ങളിലും ഇവരെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."