വിയന്നയില്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു: ഒരേദിവസം ആറിടങ്ങളില്‍ ആക്രമണമുണ്ടായത്
വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരേദിവസം ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗ് പരിസരത്ത് പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വെടിവയ്പ്പുണ്ടായത്.
ബീഭത്സമായ തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കഴ്സ് അഭിപ്രായപ്പെട്ടു. ഐ.എസ് അനുഭാവ സംഘത്തിലെ അംഗമായ ഒരു അക്രമിയെ വെടിവച്ചു കൊന്നതായും പൊലിസ് അറിയിച്ചു. മാസിഡോണിയന്‍ സ്വദേശിയായ 20 കാരനാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു വിയന്ന പൊലിസ് ട്വീറ്റ് ചെയ്തു.സംഭവത്തെ ത്തുടര്‍ന്ന് പൊലിസ് വിയന്നയില്‍ സുരക്ഷ ശക്തമാക്കി. ജനങ്ങളോട് വീടുകളില്‍ തന്നെകഴിയാനും നിര്‍ദേശം നല്കി.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തലസ്ഥാനത്ത് ആക്രമണം നടന്നത്.
അതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അക്രമികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ആക്രമണത്തിനു പിന്നാലെ പൊലിസ് വ്യാപക മനുഷ്യ വേട്ട നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."