ട്രംപോ ജോബൈഡനോ ? വിധിയെഴുതിത്തുടങ്ങി, ഔദ്യോഗിക ഫലത്തിന് കാത്തിരിക്കേണ്ടത് ജനുവരി ആറുവരേ
വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയുടെ പിടിയലമര്‍ന്ന യു.എസിനെ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നയിക്കുമോ, ഡമോക്രാറ്റിക് പ്രതിനിധി ജോബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതിത്തുടങ്ങി.
പ്രാദേശിക സമയം രാവിലെ ആറു മുതലാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) വോട്ടിങ് തുടങ്ങിയത്. പരമ്പരാഗത രീതിയില്‍ ഇത്തവണയും വടക്കുകിഴക്കന്‍ അമേരിക്കയിലെ ന്യൂഹാംഷെയറില്‍ അര്‍ധരാത്രിയോടെ പോളിങ് സ്‌റ്റേഷനുകള്‍ തുറന്നു.
ബുധനാഴ്ച രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകളും വ്യക്തമാവും.
പലതു കൊണ്ടും വ്യത്യസ്തമാണ് ഇത്തവണ അമേരിക്കന്‍ തെരഞ്ഞെടുപ്പ്. പ്രതിദിനം ഒരു ലക്ഷം പുതിയ കോവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക ആ മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. അമ്പതു സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററല്‍ വോട്ടര്‍മാരെയാണ്. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാളാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുക.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകെയുള്ള 24കോടി വോട്ടര്‍മാരില്‍ 10കോടി വോട്ടര്‍മാര്‍ നേരത്തെതന്നെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. ആറുകോടി വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനുകളിലും എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍സമയം ബുധനാഴ്ച രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും.
വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകള്‍ ലഭിക്കും. എന്നാല്‍ ഇത്തവണ പോസ്റ്റല്‍ വോട്ട് കൂടുതലായതിനാല്‍ അവയുടെ എണ്ണല്‍ പൂര്‍ത്തിയാവില്ല. ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളില്‍ പോലും വ്യത്യാസമുണ്ട്.
ചില സംസ്ഥാനങ്ങള്‍ ഈ മാസം 13വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനായിരിക്കും. താപാല്‍ വോട്ടുകള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം നിയമ പോരാട്ടത്തിലേക്ക് കടക്കുമെന്നും ആശങ്കയുണ്ട്. കൊവിഡ് മഹാമാരിയുടെ വ്യാപനം ഏറ്റവും രൂക്ഷമായ വേളയിലാണ് തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധേയമാണ്.
സര്‍വേ ഫലങ്ങള്‍ ജോ ബൈഡന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ട്രംപുമായി അതി ശക്തമായ മത്സരമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയാണെങ്കില്‍ 1992ല്‍ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന് ശേഷം രണ്ടാം അങ്കത്തില്‍ പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റാവും അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."