പ്രകൃതിക്ഷോഭവും വിളനാശവും; മലയോരമേഖല വറുതിയിലേക്ക്
വടക്കഞ്ചേരി: പ്രകൃതിക്ഷോഭവും കാട്ടുമൃഗശല്യവും വിളകളുടെ വിലയിടിവും വിളനാശവുമെല്ലാം ഒന്നിച്ചെത്തിയതോടെ മലയോരമേഖല വറുതിയുടെ വക്കില്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ ആളൊഴിഞ്ഞ പാതകളും കവലകളുമായി പ്രളയാനന്തര മലയോരകാഴ്ചകള്‍ വേദനിപ്പിക്കുന്നതാണ്.
പതിറ്റാണ്ടുകളായുള്ള അധ്വാനത്തിന്റെ ചെറുസമ്പാദ്യങ്ങളെല്ലാം തകര്‍ന്നതിന്റെ വിഷമം കര്‍ഷകരിലെല്ലാമുണ്ട്. മലയോരത്തെ ഭാവിജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിലേറെ പേടിയും ഭീതിയുമാണ് മലമ്പ്രദേശത്തുകാര്‍ക്ക്.
കഷ്ടപ്പെട്ടുണ്ടാക്കുന്നതെല്ലാം കണ്‍മുന്നില്‍ നഷ്ടപ്പെടുന്നത് ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ആന ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം വനത്തോടു ചേര്‍ന്ന മലയോര പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമാണ്. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള കണിച്ചിപ്പരുത, പാത്രകണ്ടം മേഖലയില്‍ ആനയിറങ്ങി കൃഷികളെല്ലാം നശിപ്പിക്കുന്ന സ്ഥിതി തുടരുകയാണ്.
സഹായങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നില്‍ കൈനീട്ടുമ്പോഴും കര്‍ഷകരെ അവഗണിക്കുകയാണ് വനംവകുപ്പും മറ്റു വകുപ്പുമേധാവികളുമെല്ലാം. കാട്ടുമൃഗങ്ങളുടെ ശല്യം കുറയ്ക്കാന്‍ വനാതിര്‍ത്തികളില്‍ സോളാര്‍വേലി സ്ഥാപിക്കുമെന്ന് എം.എല്‍.എയും വനംവകുപ്പു മേലധികാരികളും കര്‍ഷകര്‍ക്ക് ഉറപ്പുനല്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും കണിച്ചിപ്പരുത മേഖലയില്‍ ആനക്കൂട്ടമിറങ്ങി ശേഷിക്കുന്ന വിളകള്‍കൂടി നശിപ്പിക്കുന്ന സ്ഥിതിയാണ്.
ഇതിനു പിന്നാലെയാണ് പ്രളയാനന്തരം വിളകള്‍ക്ക് ഉണ്ടാകുന്ന രോഗകീടങ്ങള്‍.കാട്ടുമൃഗങ്ങള്‍ കാര്യമായി നശിപ്പിക്കാതെ വിളയെന്ന നിലയ്ക്കാണ് മലയോരത്ത് കുരുമുളക് വ്യാപകമാക്കിയത്. എന്നാല്‍ മഴക്കൂടുതലായി മുളകുകൊടികള്‍ കൂട്ടത്തോടെ ചീഞ്ഞുനശിച്ചു. മഴയില്‍ മണ്ണിടിച്ചിലും കൃഷിയിടങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടതും കര്‍ഷകജീവിതം നരകതുല്യമാകുകയാണ്. മഴയ്ക്കുശേഷമുണ്ടാകുന്ന വരള്‍ച്ച ഇനി മറ്റൊരു പ്രഹരമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."