കിരണ്‍ സര്‍വേ: ആരോഗ്യ ഡാറ്റ കിട്ടാന്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സി പണമിറക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ ഗവേഷണ ഏജന്‍സിക്ക് ലഭ്യമാക്കിയതിനു പിന്നാലെ എന്‍.ജി.ഒ ആയ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് വലിയ തുക പ്രതിഫലം ലഭിച്ചതായി രേഖകള്‍.
സര്‍വേയുമായി ബന്ധപ്പെട്ട് ആദ്യഗഡു എന്ന നിലയില്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പി.എച്ച്.ആര്‍.ഐ 7,300 ഡോളര്‍ ഡോ. കെ. വിജയകുമാറിനു നല്‍കിയെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. പിന്നീട് പല ഗഡുക്കളായി ഡാറ്റാ കൈമാറ്റത്തിനായി വിജയകുമാറിന്റെ എന്‍.ജി.ഒ ആയ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് പണം കൈമാറി.
സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് നടത്തിയ സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഉള്‍പ്പെട്ടതും ഇതിന്റെ പേരില്‍ ഈ സംഘടനയുടെ സെക്രട്ടറി ഡോ. കെ. വിജയകുമാര്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പി.എച്ച്.ആര്‍.ഐയില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റിയതും ദുരൂഹമായി തുടരുകയാണ്. സര്‍വേ നടത്തിയത് സര്‍ക്കാര്‍ നേരിട്ടാണ്.
ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയതാകട്ടെ അച്യുതമേനോന്‍ സെന്ററിനും. സര്‍ക്കാര്‍ ഉത്തരവില്ലാതെയാണ് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സര്‍വേയില്‍ പങ്കെടുത്തിട്ടില്ലെന്ന വിശദീകരണവും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.
കൊച്ചി അമൃത ആശുപത്രിയിലെ ഡോ. മനുരാജിനും സര്‍വേയുമായി ബന്ധപ്പെട്ട് പണം നല്‍കിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഡോ. മനുരാജിന് സര്‍ക്കാരിന്റെ സര്‍വേയുമായി ഒരു ബന്ധവുമില്ലെന്ന് അവകാശപ്പെടുമ്പോഴും പണം കൈമാറ്റത്തില്‍ ദുരൂഹത തുടരുന്നു. അതേസമയം, ഔദ്യോഗികമായി ഒരു ബന്ധവുമില്ലാതിരുന്ന എന്‍.ജി.ഒ സര്‍വേയില്‍ ഉള്‍പ്പെട്ടത് എങ്ങനെയാണെന്ന ചോദ്യം ബാക്കിയാവുകയാണ്. സര്‍വേ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന സംഘത്തിലും സോഫ്റ്റ്‌വെയറിലും വിജയകുമാറിന് നേരിട്ട് ഇടപെടാനായി. സര്‍വേ നടന്ന വീടുകളിലെ മരണങ്ങള്‍ വിശകലനം ചെയ്യാനുള്ള വെര്‍ബല്‍ ഓട്ടോപ്‌സി ചുമതലയും വിജയകുമാറിനായിരുന്നു. സര്‍വേയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉന്നതതല യോഗങ്ങളിലെല്ലാം വിജയകുമാര്‍ പങ്കെടുത്തിരുന്നതായും രേഖകള്‍ പറയുന്നു.
2018ലെ പ്രളയത്തിന്റെ മറവില്‍ സാമൂഹ്യാരോഗ്യ മുന്‍കരുതലെന്ന പേരിലാണ് പത്തു ലക്ഷം പേരുടെ ആരോഗ്യ സര്‍വേ നടത്തിയത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 500 കോടിയിലേറെ വിലമതിക്കുന്ന ഡാറ്റകളാണ് വിദേശത്തേക്ക് കടത്തിയതെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."