കോടിയേരി സ്ഥാനം ഒഴിഞ്ഞേക്കും, എസ്. രാമചന്ദ്രന്‍ പിള്ളയോ എം.വി ഗോവിന്ദനോ സെക്രട്ടറിയാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി.പി.എം കേന്ദ്രങ്ങളില്‍ തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.
മക്കള്‍ ചെയ്യുന്ന കുറ്റത്തിന് അച്ഛന്‍മാര്‍ക്ക് ബാധ്യതയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുഫലത്തെ ഇതു ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികള്‍ക്കിടയിലുമുണ്ട്. അതുകൊണ്ടുതന്നെ ബിനീഷ് കുറ്റമുക്തനാണെന്നു തെളിയുന്നതുവരെ കോടിയേരി മാറി നില്‍ക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളില്‍നിന്നു മാറിനില്‍ക്കാന്‍ കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറി നില്‍ക്കുക.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ശനിയാഴ്ച സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ്. രാമചന്ദ്രന്‍ പിള്ളയോ എം.വി ഗോവിന്ദനോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.സര്‍ക്കാരും പാര്‍ട്ടിയും രണ്ടു വഴിക്കു സഞ്ചരിച്ചതിന്റെ പരിണിതഫലമാണു സംസ്ഥാനത്തെ വിവാദങ്ങളെന്നും പാര്‍ട്ടിയില്‍ തിരുത്തലുകള്‍ അടിയന്തിരമായി നടത്തണമെന്നും സംസ്ഥാന നേതൃത്വത്തിനു സി.പി.എം കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിനീഷ് മയക്കുമരുന്നു കേസില്‍ പ്രതിയായതു ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിക്കൊല്ലട്ടേയെന്നുള്ള കോടിയേരിയുടെ ലാഘവത്തോടെയുള്ള പ്രതികരണം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടു പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന അഭിപ്രായമാണു സി.പി.എം കേന്ദ്ര നേതാക്കള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."