സീതമ്മക്കുണ്ടിലെ വിദ്യാര്‍ഥിയുടെ മരണം; വിശ്വസിക്കാനാകാതെ പ്രദേശവാസികള്‍
മുണ്ടക്കൈ: അപ്രതീക്ഷിത ദുരന്തം ഇനിയും വിശ്വസിക്കാനാകാതെ മുണ്ടക്കൈ നിവാസികള്‍. കൂട്ടുകാരോടൊപ്പം സീതമ്മകുണ്ടില്‍ നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിയുള്ള വിദ്യാര്‍ഥിയുടെ മരണമാണ് നാടിനെ നടുക്കിയത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ മേപ്പാടി മാനിവയല്‍ കാവുമ്പാടന്‍ ഹൈദ്രു-ഷഹര്‍ബാന്‍ ദമ്പതികളുടെ മകന്‍ അംജദ് അലി (20) ആണ് ഇന്നലെ ഉച്ചയോടെ നീന്തുന്നതിനിടെ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മുങ്ങിയെടുത്ത് അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഏറെ സുപരിചിതമായ സീതമ്മക്കുണ്ടില്‍ ഒരപകടം നടന്നതിന്റെ ഓര്‍മ പ്രദേശത്തെ കാരണവന്മാര്‍ക്ക് പോലുമില്ലെന്നതാണ് ദുരന്തം പ്രദേശവാസികള്‍ക്ക് അവിശ്വസനീയമാക്കുന്നത്.
ദുരന്ത വാര്‍ത്തയിറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധിപേരാണ് പുഴയിലെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആഴക്കൂടുതല്‍ കാരണം വിഫലമാകുകയായിരുന്നു. അംജദ് അലി മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിപ്പോയ സുഹൃത്തിനെ പുഴയിലുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്തിരുന്നു.
അവധി ദിനങ്ങളിലും സീസണുകളിലും ഏറെ വിനോദ സഞ്ചാരികളാണ് പുഴ സന്ദര്‍ശിക്കാനെത്താറുള്ളത്. പ്രകൃതി ഒരുക്കിയ മനോഹരമായ ആകൃതിയും വെള്ളച്ചാട്ടവുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കടുത്ത വേനലിലും വറ്റാത്ത സീതമ്മക്കുണ്ട് പ്രദേശവാസികളുടെ വരള്‍ച്ചാകാലത്തെ ആശ്വാസം കൂടിയാണ്. ദുരന്തമുണ്ടായതോടെ നടുക്കം വിട്ടുമാറാതെ മൗനത്തിലാണ് ഒരു പ്രദേശം മുഴുവന്‍.
അതേസമയം വിദ്യാര്‍ഥിയുടെ അപ്രതീക്ഷിത മരണം മേപ്പാടിയേയും കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് വന്‍ജനാവലിയാണ് അംജദ് അലിയുടെവീട്ടിലും മേപ്പാടി ജുമാമസ്ജിദിലുമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."