HOME
DETAILS

വിശ്വാസികളെ തിരിച്ചുപിടിക്കുന്നതെങ്ങനെ

  
backup
June 13 2019 | 16:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f

 

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയം കനത്തതാണെന്ന് അവര്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. മൊത്തം കിട്ടിയ വോട്ടില്‍ യു.ഡി.എഫുമായി 12 ശതമാനത്തിന്റെ വ്യത്യാസമെന്നത് അവര്‍ക്കു താങ്ങാവുന്നതിലധികമാണ്. നഷ്ടപ്പെട്ട സീറ്റിന്റെ എണ്ണത്തില്‍ മാത്രമല്ല ഓരോ സീറ്റിലും എതിരാളികള്‍ക്കു കിട്ടിയ ഭൂരിപക്ഷം യു.ഡി.എഫിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും സി.പി.എം ശക്തികേന്ദ്രങ്ങള്‍ എന്നവകാശപ്പെട്ടിരുന്ന മണ്ഡലങ്ങളിലുണ്ടായ തകര്‍ച്ചയും വോട്ടു നഷ്ടവും അവരെ ഞെട്ടിക്കാന്‍ പോന്നതാണ്. അണികളെ പിടിച്ചുനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അത്ര എളുപ്പം വിജയിക്കില്ല. ബി.ജെ.പി വോട്ടു മറിച്ചു എന്ന വാദം നിലനില്‍ക്കില്ല. എല്ലായിടത്തും അവര്‍ക്കു നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ കൂടിയ വോട്ടു കിട്ടി. എന്നിട്ടും യു.ഡി.എഫിന് ഇങ്ങനെ വിജയം ഉണ്ടായെങ്കില്‍ തീര്‍ച്ചയായും ഉറച്ചതെന്ന് ഇതുവരെ കരുതിപ്പോന്ന ഇടതുവോട്ടുകള്‍ തന്നെ മറുപക്ഷത്തേക്കു പോയിട്ടുണ്ട്. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഇടതുപക്ഷത്തേക്കാള്‍ സാധ്യതയുണ്ട്, രാഹുല്‍ ഗാന്ധി വന്നത് മൂലം യു.ഡി.എഫിന് അനുകൂലമായി കുറേ വോട്ടുകള്‍ മാറുന്നു തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഈ ലേഖകനടക്കം പലരും പറഞ്ഞപ്പോള്‍ അതെല്ലാം ശക്തിയായി നിഷേധിച്ചവരാണ് ഇടതു നേതാക്കള്‍.


2004ലെ ഫലം ഇത്തവണ ആവര്‍ത്തിക്കും (മൂവാറ്റുപുഴയിലെ കോടതി വിധി കൂടി കണക്കാക്കുമ്പോള്‍ എല്‍.ഡി.എഫിന് 19 സീറ്റുകള്‍) , കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അവര്‍ ബി.ജെ.പിയാകും, കോണ്‍ഗ്രസിന് വടക്കേ ഇന്ത്യയില്‍ വലിയ വിജയം ഉണ്ടാവില്ല (അതു ശരിയായി താനും) എന്നൊക്കെ അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പക്ഷെ, ബുദ്ധിയുള്ള കേരളത്തിലെ സമ്മതിദായകര്‍ ഇതൊക്കെ തള്ളി. കാരണം അവര്‍ക്കറിയാം ബി.ജെ.പിയെ കേന്ദ്രത്തില്‍ തോല്‍പ്പിക്കണമെങ്കില്‍ അതിനു കഴിവ് ഇന്ന് ഇടതുപക്ഷത്തിനല്ല,


കോണ്‍ഗ്രസിനാണെന്ന്. കോണ്‍ഗ്രസ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തോറ്റാല്‍ മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രാഥമിക ഗണിതമറിയാവുന്ന ആര്‍ക്കും മനസ്സിലാകും. ലോക്‌സഭാ തെരഞ്ഞെടുപ്പായതിനാല്‍ ഒരു തരത്തിലുള്ള സംശയവും മഹാഭൂരിപക്ഷം മതേതര വിശ്വാസികള്‍ക്കും ഉണ്ടായില്ല. ഇതിനെ കേവലം മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണം മാത്രമായി വിലയിരുത്തുന്നത് തെറ്റായിരിക്കുമെന്നും കണക്കുകള്‍ കാണിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കു കാര്യമായ മേല്‍ക്കൈ ഇല്ലാത്ത ആലത്തൂര്‍ പോലുള്ള മണ്ഡലങ്ങളിലെ കണക്കു മാത്രം വച്ച് ഇതു തെളിയിക്കാന്‍ കഴിയും. ജനങ്ങള്‍ക്കിടയില്‍ ഇത്ര ശക്തമായ ഒഴുക്കുണ്ടെന്ന് തിരിച്ചറിയുന്നതില്‍ സി.പി.എം ദയനീയമായി പരാജയപ്പെട്ടു എന്നര്‍ഥം. ഇതു തന്നെ ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് സി.പി.എം പോലുള്ള ഒരു കാഡര്‍ പാര്‍ട്ടിക്ക്. ജനങ്ങളുമായുള്ള ബന്ധം ഇത്ര അറ്റുപോയതെങ്ങനെ?


ഇതിനെയെല്ലാം മറികടക്കാന്‍ കഴിയുംവിധം ജനപ്രിയമായിരുന്നുവോ കേരള സര്‍ക്കാരിന്റെ ഭരണം? അങ്ങനെയാണെന്നു സ്ഥാപിക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡും മറ്റും പുറത്തിറക്കിയത് ഇത് കാണിക്കാനാണ്. ഒരുപക്ഷെ മോദി സര്‍ക്കാരിന്റെ ദോഷങ്ങള്‍ വിവരിക്കുമ്പോള്‍ നമ്മുടെ ദോഷങ്ങളെല്ലാം മറക്കുമെന്ന് ഇവര്‍ കരുതിയോ? പ്രളയവും ശബരിമലയുമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാരിനു മുന്നില്‍ വന്ന പ്രധാന വിഷയങ്ങള്‍. പ്രളയം വലിയൊരു വിഭാഗം ജനങ്ങളെ നേരിട്ടു ബാധിച്ചതാണ്. സര്‍ക്കാര്‍ ധീരമായി നേരിട്ടു എന്ന് സൈബര്‍ സഖാക്കള്‍ വീമ്പിളക്കുമ്പോഴും ദുരിതമനുഭവിച്ചവര്‍ അതു വിശ്വസിക്കുന്നില്ല എന്നാണ് ഫലം കാണിക്കുന്നത്. ശബരിമലയാണ് വൈകാരികമായി ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാനവിഷയം. സുപ്രിം കോടതി വിധി സര്‍ക്കാര്‍ പാലിക്കാതിരിക്കുന്നതെങ്ങനെ, ഇടതുപക്ഷം സ്ത്രീപക്ഷമാണ് തുടങ്ങിയ സ്ഥിരം വാദങ്ങള്‍ ജനങ്ങളില്‍ നല്ലൊരു ഭാഗവും സ്വീകരിച്ചില്ല എന്നതാണ് സത്യം. എല്ലാ കൂട്ടലും കിഴിക്കലും നടത്തി ആദ്യം മുഖ്യമന്ത്രി പറഞ്ഞത് ആ വിഷയം ഫലത്തെ ബാധിച്ചിട്ടേയില്ല എന്നാണ്. അങ്ങനെയെങ്കില്‍ അതിന്റെ ഗുണം ബി.ജെ.പിക്കല്ലേ കിട്ടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
കൂടുതല്‍ ആഴത്തിലേക്കിറങ്ങിയപ്പോള്‍ ആദ്യം അകത്തും പിന്നീട് കമ്മിറ്റികളിലും ചിലപ്പോള്‍ വ്യംഗ്യരൂപത്തില്‍ പരസ്യമായും പാര്‍ട്ടി നേതാക്കളില്‍ തന്നെ ഒരു വിഭാഗം ഈ നിലപാടിനോട് വിയോജിക്കാന്‍ തുടങ്ങി. അവര്‍ക്കു മുഖ്യമന്ത്രിയെക്കാള്‍ ജനങ്ങളുമായി ഇപ്പോഴും ബന്ധമുണ്ടല്ലോ. ഈ വിധി നടപ്പിലാക്കാന്‍ ഏതോ നിര്‍ബന്ധബുദ്ധി മുഖ്യമന്ത്രിക്കും അതുവഴി സര്‍ക്കാരിനുമുണ്ടെന്നു മഹാഭൂരിപക്ഷത്തിനും മനസ്സിലായ വസ്തുതയാണ്. അതു കേവലം ഭരണഘടനാ ബാധ്യത നിറവേറ്റലല്ല എന്നവര്‍ കരുതി.


മറ്റു പല സുപ്രിം കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ ഇത്ര ജാഗ്രത നമ്മള്‍ കാണുന്നില്ലല്ലോ എന്നവര്‍ ചോദിച്ചു. നിയമപരമായ വഴികളിലൂടെ അല്‍പം സാവകാശവും അതു വഴി ഏതെങ്കിലും തരത്തിലുള്ള സമവായവും ഉണ്ടാക്കാമായിരുന്നില്ലേ എന്ന് ചിന്തിച്ചവര്‍ ഇടതുപക്ഷത്തുപോലുമുണ്ട്. ഇങ്ങനെ ഒരവസരം കിട്ടിയാല്‍ അതു പരമാവധി മുതലാക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നറിയാന്‍ സി.പി.എം നേതാക്കളോളം രാഷ്ട്രീയ ജ്ഞാനമൊന്നും ആവശ്യമില്ല. അപ്പോള്‍ ഇങ്ങനെ ഒരു വര്‍ഗീയപ്രചാരണം സംഘ്പരിവാര്‍ പക്ഷത്തുനിന്ന് ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തതെന്നു ജനം കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? സംഘ്പരിവാറിനെ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിച്ചു എന്നവര്‍ കരുതി. അതിനെതിരായ വോട്ടു കൂടിയാണിത്.


നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണണമെന്നുള്ള നിലപാടും പൊള്ളയാണ് എന്നവര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഈ നവോത്ഥാനം ഇവര്‍ മറന്നു കിടക്കുകയായിരുന്നു. കേരളീയ സമൂഹം എല്ലാവിധ അന്ധവിശ്വാസങ്ങളിലും ആള്‍ദൈവങ്ങളിലും മറ്റും എത്രമാത്രം ആഴ്ന്നിറങ്ങി എന്ന് അറിയാത്തവരോ ഇവര്‍ ജാതിമത ശക്തികള്‍ രാഷ്ട്രീയത്തില്‍ എത്ര ശക്തമായി പിടിമുറുക്കി എന്ന വസ്തുത ഇവര്‍ കണ്ടില്ലേ? ഒരു കോടതിവിധി വഴി വരേണ്ടതാണോ നവോത്ഥാനം? അതിനായി എന്ത് സാമൂഹ്യ ഇടപെടലാണ് ഇവര്‍ നടത്തിയത്? സ്ത്രീകളുടെ സാമൂഹ്യാവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെല്ലാം ഇവര്‍ ചെയ്തു? ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതു വഴി നവോത്ഥാനം മുന്നോട്ടുപോകുമെന്ന് കരുതിയോ? ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇവരുടെ പ്രചാരണം ഞങ്ങള്‍ ഒരു സ്ത്രീയേയും കയറ്റിയില്ല വിധി നടപ്പിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്, സംഘ്പരിവാറിലെ ഒരു സ്ത്രീ ആണ് ഈ വിഷയത്തില്‍ കോടതിയില്‍ പോയത് എന്നൊക്കെയായിരുന്നു. ഇതിലൊക്കെ എത്ര വൈരുദ്ധ്യങ്ങളുണ്ടെന്ന് ഇവര്‍ക്കു മനസ്സിലായില്ലേ? ഒരു തര്‍ക്കത്തില്‍ എതിരാളിയെ തോല്‍പ്പിക്കുന്ന യുക്തി പോരാ വിശ്വാസത്തോടെ നില്‍ക്കുന്ന ജനങ്ങളെ നേരിടാന്‍ എന്ന് ഏതു മാര്‍ക്‌സിസ്റ്റിനും ബോധ്യമാവേണ്ടതാണ്.


ഇതിനേക്കാള്‍ ദയനീയമായിരുന്നു നവോത്ഥാന മതില്‍ എന്ന അഭ്യാസം. എന്തിനാണത് നടത്തിയത്? ശബരിമല യുവതീപ്രവേശനവുമായി അതിനൊരു ബന്ധവുമില്ല എന്ന് ഇവര്‍ ആവര്‍ത്തിക്കുമ്പോഴും ആ വിധിയും തുടര്‍നടപടികളും ഇല്ലായിരുന്നെങ്കില്‍ ഈ മതില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ആര്‍ക്കാണറിയാത്തത്? യുവതീപ്രവേശനം നവോത്ഥാനത്തിന്റെ ഭാഗമാണെന്നു പ്രചരിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഇവര്‍ക്കു വന്നു. കാരണം അതിലെ പ്രധാനപങ്കാളികളായ വെള്ളാപ്പള്ളി നടേശനും സുഗതനുമെല്ലാം യുവതീപ്രവേശനത്തിന് എതിരായിരുന്നു. തന്നെയുമല്ല ആ മതിലില്‍ അണിചേര്‍ന്ന സ്ത്രീകളില്‍ മഹാ ഭൂരിപക്ഷവും സ്ത്രീപ്രവേശനം സാമൂഹ്യമുന്നേറ്റത്തിന് അനിവാര്യമെന്ന് ബോധ്യപ്പെടാത്തവരുമായിരുന്നു. നവോത്ഥാന പ്രസംഗം നടത്തി വീട്ടിലെത്തുന്ന സഖാക്കള്‍ സ്വന്തം വീട്ടിലെ സ്ത്രീകളെയെങ്കിലും ഇതു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ലെന്ന് തീര്‍ച്ച. പാര്‍ട്ടി പറയുന്നതിനാല്‍ ചെയ്യുന്നു, പക്ഷെ തങ്ങള്‍ക്കു ബോധ്യമില്ല എന്നതായിരുന്നു അവരുടെ അവസ്ഥ. (പാര്‍ട്ടി നേതാവായ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞത് ഓര്‍ക്കുക)


ഇപ്പോള്‍ മുന്നണിയിലെ മറ്റു ഘടകകക്ഷികളും സി.പി.എം ദേശീയനേതൃത്വവും (അങ്ങനെ ഒന്നുണ്ടോ?) നടത്തിയ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാവണം മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ശബരിമല വിഷയം മൂലം കാര്യമായ വോട്ടു ചോര്‍ച്ച ഉണ്ടായി എന്ന സത്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയാറായത്. പക്ഷെ അപ്പോഴും കുറ്റം മുന്നണിക്കോ പാര്‍ട്ടിക്കോ അല്ല ജനങ്ങള്‍ക്കാണ്. അവര്‍ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ തെറ്റായ പ്രചാരണത്തില്‍ തെറ്റിദ്ധരിച്ചുപോയി എന്നാണു കണ്ടെത്തല്‍. അവരെ തിരിച്ചുപിടിക്കാന്‍ വേണ്ട പ്രചാരണം നടത്തും എന്നാണു പ്രഖ്യാപനം. എതിരാളികള്‍ നടത്തുന്ന പ്രചാരണത്തില്‍ പെട്ട് വോട്ടു മാറ്റി ചെയ്യുന്നവരോ സി.പി.എം അണികള്‍ എന്നതാണ് ഒന്നാമത്തെ ചോദ്യം. നന്ദിഗ്രാം,സിംഗൂര്‍ വിഷയം മൂലം ബംഗാളില്‍ തകര്‍ച്ച തുടങ്ങിയ കാലത്തെ പാര്‍ട്ടി നിലപാട് നോക്കുക. അന്നും ജനങ്ങള്‍ തെറ്റിദ്ധരിച്ചു, അവരെ ബോധ്യപ്പെടുത്തി തിരിച്ചു കൊണ്ടുവരും എന്നായിരുന്നു പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. 50 ശതമാനത്തോളം വോട്ടുകള്‍ ഉണ്ടായിരുന്ന മുന്നണിക്ക് അവിടെ അഞ്ചു ശതമാനം മാത്രം. ബാക്കി നല്ലൊരു പങ്കും ബി.ജെ.പിക്കു വോട്ടു ചെയ്തു എന്നതാണ് സത്യം. ത്രിപുരയിലും കോണ്‍ഗ്രസിന്റെയും പിന്നിലായി ഇടതുപക്ഷം.


കേരളത്തിലേക്കു വരാം. തങ്ങള്‍ക്കല്ല ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന നിലപാടില്‍ തന്നെ ചില പ്രശ്‌നങ്ങളില്ലേ വെറും ചിലരുടെ പ്രചാരണങ്ങളില്‍ പെട്ടുപോകുന്ന വിഡ്ഢികളോ ജനങ്ങള്‍? തെരഞ്ഞെടുപ്പ് നടക്കുന്നത് ശബരിമല കലാപം കഴിഞ്ഞു മാസങ്ങള്‍ക്കും ശേഷമാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് ഇടതുപക്ഷം ആളുകൊണ്ടും അര്‍ഥം കൊണ്ടും ഏറെ മുന്നിലായിരുന്നു എന്നതല്ലേ സത്യം പണവും സംഘടനാശേഷിയും അധികാരവും അവര്‍ക്കനുകൂലമായിരുന്നു. എതിരാളികള്‍ ആരെന്നറിയുന്നതിന് ഒരു മാസം മുമ്പു തന്നെ അവരുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണം കൊഴുപ്പിച്ചു. പലയിടത്തും വളരെ വൈകി മാത്രമാണ് യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയമേറെ കിട്ടിയിട്ടും അതിനു കഴിയാതിരുന്നതെന്തുകൊണ്ട് അതുകൊണ്ടു തന്നെ കേവലം ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ ഇടതുപക്ഷം തയാറാകുമോ?


വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കുമെന്നു പറയുമ്പോള്‍ അത് മതവിശ്വാസികളുടെതാണോ പാര്‍ട്ടിയിലെ വിശ്വാസികളുടെതാണോ എന്ന അടിസ്ഥാന ചോദ്യമുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്കു വോട്ടു ചെയ്തിരുന്നവരില്‍ ഒരു പങ്ക്, അവര്‍ മത ദൈവവിശ്വാസികളാണെന്നതിനാല്‍ മാറിപ്പോയി എന്നതല്ലേ സത്യം? എന്താണ് ഇവരോട് ഇനി പാര്‍ട്ടി പറയാന്‍ പോകുന്നത്? എന്ത് വസ്തുതകളാണ് പ്രചരിപ്പിക്കുന്നത് എന്തായിരുന്നു അവരുടെ തെറ്റിദ്ധാരണകള്‍ എന്നാണു വിശദീകരിക്കപ്പെടുക? ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തനിലപാട് ശരിയായിരുന്നു, യുവതീപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്, അത് നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് എന്നാണോ പറയുക അതല്ല കോടതിവിധി അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല, അതുകൊണ്ട് വന്നുപോയ ഒരു പിഴവാണ്, എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യത എന്നൊക്കെ പറയുമോ? ഇതു രണ്ടും അവര്‍ ഏറെ കേട്ടതാണ്. എന്നിട്ടാണ് അവര്‍ ഇങ്ങനെ വോട്ടുചെയ്തത് എന്ന് മറന്നുപോകരുത്. അപ്പോള്‍ തെറ്റിദ്ധരിച്ചത് ജനങ്ങളല്ല, അവരെക്കുറിച്ച് പാര്‍ട്ടിക്കുണ്ടായിരുന്ന ധാരണയാണ് തെറ്റിയത് എന്ന് സമ്മതിക്കേണ്ടിവരില്ലേ? അങ്ങനെ പറയാന്‍ മുഖ്യമന്ത്രിയുടെ അഹംബോധം (ഞാന്‍ അഹങ്കാരം എന്നു പറയുന്നില്ല) സമ്മതിക്കുമോ?


ഇവിടെ ഇടതുപക്ഷം മനസ്സിലാക്കേണ്ട യഥാര്‍ഥ കാര്യം ഇതൊന്നുമല്ല. പൊതു സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള സാക്ഷരകേരളത്തില്‍ കേവലം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിലനില്‍ക്കില്ല. അവര്‍ എല്ലാം കാണുന്നുണ്ട്. ജന്മനാ ഒരു കക്ഷിയിലോ നേതാവിലോ അന്ധമായി വിശ്വസിച്ചു വോട്ടു ചെയ്യുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞിരിക്കുന്നു. സത്യസന്ധമായി അവരോടു കാര്യങ്ങള്‍ പറയാന്‍ പാര്‍ട്ടികള്‍ക്കു കഴിയണം. കേവല യുക്തിവാദം കൊണ്ട് തര്‍ക്കങ്ങള്‍ ജയിച്ചേക്കാം. പക്ഷെ ജനമനസ്സുകളെ ജയിക്കാന്‍ കഴിയില്ല.

വാല്‍ക്കഷണം : എതിരാളികളെ തേജോവധം ചെയ്തു സന്തോഷം നേടുന്ന സൈബര്‍ സഖാക്കളും ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സ്വാര്‍ഥമതികളായ ഉപദേശികളും നിങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയതിലാണ് ഏറ്റവും വലിയ തെറ്റ് സംഭവിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago