സന്നദ്ധ പ്രവർത്തകർക്ക് "കൊവിഡ് വാരിയേഴ്സ്" അവാർഡ് സമ്മാനിച്ചു
റിയാദ്: കൊവിഡ് 19 ലോക്ക്ഡൗൺ സമയത്ത് സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ ആളുകൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുകയും രോഗികളെ ആശുപത്രികളിൽ എത്തിക്കുകയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് നേത്യത്വം നൽകുകയും ചെയ്ത സന്നദ്ധ സേവകരെ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി "കൊവിഡ് വാരിയേഴ്സ് " അവാർഡ് നൽകി ആദരിച്ചു. ലോക രാജ്യങ്ങൾ പകച്ചു നിന്ന മഹാമാരിയിൽ ധീരതയും, ദയയും, കൈമുതലാക്കി ജനങ്ങളുടെ സുരക്ഷക്കായി രംഗത്തിറങ്ങി മാതൃകാപരമായ സേവന പ്രവർത്തനങ്ങൾക്ക് മുന്‍പന്തിയിൽ നിന്നവരെയാണ് അവാർഡ് നൽകി അനുമോദിച്ചത്.
കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ആശ്വാസകരമായി മുൻനിരയിൽ പ്രവർത്തിച്ച ഡോ: അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, (കേരളം), ഡോ: കെ.എച്ച്.നൂറുസ്സമാൻ (തമിഴ്നാട് ), ഡോ: അബ്ദുൽ മൊയിൻ ബേരി(കർണ്ണാടക) എന്നിവരെ ചടങ്ങിൽ ആദരിച്ചു. അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന അനുമോദന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് മംഗലാപുരം അധ്യക്ഷത വഹിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ മുഖ്യാതിഥിയായിരുന്നു. സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് കമ്മിറ്റി അംഗം മിഹാഫ് സുൽത്താൻ സോഷ്യൽ ഫോറം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളുടെ ദൃശ്യാവിഷ്‌കാരം വിവരിച്ചു. അഹമ്മദ് നദ്‌വി (അൽ മാഡൻ കോ:) ഷാഹിൽ സിദ്ദീഖ് ബീഹാർ (എഞ്ചിനീയർ, അബ്സൽ പോൾ കമ്പനി), ജുനൈദ് ഇസ്മായിൽ ഇബ്രാഹിം (എം.ജി.എ.റിയാദ് സോണൽ പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ സ്വാഗതവും നോർത്തേൺ സ്റ്റേറ്റ് പ്രസിഡൻറ് ഇഹ്സാനുൽ ഹക്ക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."