കലക്ടറേറ്റിലും പുലയന്‍ വഴിയിലും സിഗ്നല്‍ ലൈറ്റുകള്‍ക്ക് സാധ്യതാ പഠനം
ആലപ്പുഴ: ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കലക്ടറേറ്റ് ജങ്ഷനിലും പുലയന്‍വഴി ജങ്ഷനിലും ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കെല്‍ട്രോണിനെക്കൊണ്ട് സാധ്യതാപഠനം നടത്താന്‍ കലക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മന്ത്രി ജി. സുധാകരന്‍ സമര്‍പ്പിച്ച കത്തും അത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും പരിഗണിക്കുകയായിരുന്നു കൗണ്‍സില്‍.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ആഞ്ഞിലിമൂട് ജങ്ഷനില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും വേഗ നിയന്ത്രണ സംവിധാനവും സ്ഥാപിക്കുന്നതു സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. നല്‍കിയ കത്തും അതില്‍ കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച എസ്‌ററിമേറ്റും ഉദ്യോഗസ്ഥ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു. എസ്റ്റിമേറ്റ് കേരള റോഡ് സുരക്ഷാ അതോറിട്ടിക്ക് കൈമാറാനും യോഗം തീരുമാനിച്ചു. കായംകുളം ഒ.എന്‍.കെ. ജങ്ഷനിലെ അശാസ്ത്രീയമായ സിഗ്‌നല്‍ ലൈറ്റുകള്‍ സംബന്ധിച്ച പരാതിപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്തി.
നാല് സിഗ്‌നല്‍ പോസ്റ്റുകളില്‍ സിങ്കിള്‍ ഫേസ് സിഗ്‌നല്‍ പോയിന്റുകള്‍ ആക്കാനും സിഗ്‌നല്‍ പോസ്റ്റുകള്‍ക്ക് സമീപം സ്റ്റോപ്പ് സിഗ്‌നലും സീബ്രാലൈനും പരിഗണിക്കാനും തീരുമാനിച്ചു. ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ഇവ വച്ചവര്‍ക്ക് നോട്ടീസ് അയയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് എ.സി റോഡില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഗതാഗത വകുപ്പുമന്ത്രിയുടെ പ്രതിനിധി തങ്കച്ചന്‍ പടിഞ്ഞാറേക്കളം നല്‍കി. പള്ളിക്കൂട്ടുമ്മ ജങ്ഷനില്‍ ഡിവൈഡര്‍ പണിയുന്നതിനും ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും മണലാടി ജങ്ഷനില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച സാധ്യതാ പഠനം നടത്താന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്താനും റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആര്‍.ടി.ഒ. എബിജോണ്‍, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി. ജയിനമ്മ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഉഷാകുമാരി, ഡിവൈ.എസ്.പി. എം.ഇ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."