ഇല്‍ഹാന്‍ ഉമര്‍ വെള്ള മേധാവിത്വത്തെ വിറപ്പിച്ച തട്ടമിട്ട പോരാട്ട വീര്യം
രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ഹിജാബ് നിരോധനത്തിന് അവസാനം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ യു.എസ് പാര്‍ലമെന്റിലേക്ക് ഇല്‍ഹാന്‍ ഉമര്‍ എന്ന കറുത്ത പെണ്ണ് ജയിച്ചു കയറിയത്. അസ്സലാമു അലൈക്കും എന്ന അഭിവാദ്യവുമായാണ് അവര്‍ ആദ്യമായി ആ വെളുത്തവീടിനെ അഭിമുഖീകരിച്ചത്. പരിശുദ്ധ ഖുര്‍ആനില്‍ തൊട്ടു കൊണ്ടാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്.
കുറേ 'ആദ്യം' എന്ന ലേബലുകളുടെ അകമ്പടിയുണ്ടായിരുന്നു അന്നവര്‍ക്ക്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് സ്റ്റേറ്റിനെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത, ഹിജാബ് ധരിച്ച ആദ്യത്തെ വനിത, കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിം വനിതയും അഭയാര്‍ത്ഥിയും ...2017 ജനുവരി രണ്ടിന് ഒരു തീപ്പൊരിയായി ആ പാര്‍ലമെന്റിലെത്തിയ ഇല്‍ഹാന്‍ അബ്ദുല്ലാഹി ഉമര്‍ ആളിക്കത്തുന്ന നിലപാടുകളായി അവിടെ. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിനെ പോലും തന്റെ വാക്ജ്വാലകളാല്‍ പൊള്ളിച്ചു ഈ ചെറുപ്പക്കാരി. ഇന്നിതാ വീണ്ടും നിലപാടുകളുടെ ആ പെണ്‍കരുത്തിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ് മിനസോട്ട തങ്ങളുടെ പ്രതിനിധിയായി.
കറുത്തവനായതിന്റെ പേരില്‍ അതിദാരുണമായി കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫോളോയിഡിന്റെ നാട്ടില്‍ നിന്നാണ് ഇല്‍ഹാന്‍ എന്നതും ശ്രദ്ധേയമാണ്.
തീയില്‍ കുരുത്തത്
സോമാലിയന്‍ തലസ്ഥാനമായ മൊഗാദീശുവില്‍ അധ്യാപക പരിശീലകനായ നൂര്‍ ഉമര്‍ മുഹമ്മദിന്റെയും യമനി പാരമ്പര്യമുള്ള ഫദൂമ അബൂകര്‍ ഹാജി ഹുസൈന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവളായി 1982-ല്‍ ജനിച്ച ഇല്‍ഹാന്‍ ഉമര്‍ വെള്ള മേധാവിത്വത്തെ വിറപ്പിക്കുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകമായതിനു പിന്നില്‍ സംഭവബഹുലമായ ചരിത്രമുണ്ട്. രണ്ടു വയസ്സുള്ളപ്പോള്‍ ഉമ്മയെ നഷ്ടപ്പെടുകയും യുദ്ധവും അഭയാര്‍ഥി ക്യാമ്പുകളിലെ ജീവിതവും അനുഭവിച്ചറിയുകയും ചെയ്ത ഇല്‍ഹാന്‍ പിതാവിനും പിതാമഹനുമൊപ്പം പത്താം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. യുദ്ധഭൂമിയിലെ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ആ പെണ്‍കുട്ടിക്ക് മിനസോട്ടയിലെ പാഠശാലയില്‍ അനുഭവിക്കേണ്ടി വന്നത് കടുത്ത വിവേചനം. മുസ്ലിമും സോമാലിയക്കാരിയുമെന്നത് അവളെ ആക്ഷേപിക്കാനുള്ള ലൈസന്‍സായിരുന്നു വെള്ളക്കാരായ സഹപാഠികള്‍ക്ക്. ഹിജാബില്‍ പശ തേക്കുക, കോണിപ്പടിയില്‍നിന്ന് തള്ളിയിടുക, ജിം ക്ലാസില്‍ പോകുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയവയായിരുന്നു അവരുടെ വിനോദങ്ങള്‍. 'നിന്റെ സാന്നിധ്യം ഏതൊക്കെയോ നിലയില്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നതിനാലാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്' എന്ന് പിതാവ് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഇല്‍ഹാന്‍ മനസ്സ് തുറക്കുകയുണ്ടായി.
ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ സബ്ടൈറ്റിലുകള്‍ ഉപയോഗിച്ച് കണ്ട് ഭാഷ സ്വന്തമായി പഠിച്ചെടുത്ത ഇല്‍ഹാന്റെ രാഷ്ട്രീയാഭിനിവേശം പതിനാലു വയസു മുതല്‍ തുടങ്ങിയിരുന്നു. 2016 ല്‍ 44 തവണ തുടര്‍ച്ചയായി ജയിച്ച എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അവര്‍ സ്റ്റേറ്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആദ്യമായി ഒരു ദേശീയ വേദിയില്‍ പ്രത്യക്ഷപ്പെടുന്നതും. തന്റെ വെല്ലുപ്പയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും അദ്ദേഹത്തിന്റെ വിവര്‍ത്തകയായി കൂടെ നില്‍ക്കുകയും ചെയ്ത ഇല്‍ഹാന്‍, സിറ്റി കൗണ്‍സില്‍ കാമ്പയിനുകള്‍ കൈകാര്യം ചെയ്തും മിനോസ്റ്റയിലെ രാഷട്രീയക്കാരുടെ സീനിയര്‍ പോളിസി എയ്ഡ് ആയി ജോലി ചെയ്തും വര്‍ഷങ്ങള്‍ രാഷ്ട്രീയ രംഗത്ത് തുടര്‍ന്നു.
181 കൊല്ലത്തെ ഹിജാബ് നിരോധനത്തിന് അന്ത്യം കുറിച്ച സത്യപ്രതിജ്ഞ
യു. എസ് പാര്‍ലമെന്റിലെ ഇല്‍ഹാന്റെ സത്യപ്രതിജ്ഞ 181 വര്‍ഷത്തെ ഹിജാബ് നിരോധനത്തിന് പരിസമാപ്തി കുറിക്കുന്ന ഒന്ന് കൂടിയായിരുന്നു. മുസ്ലിമെന്ന നിലയില്‍ തല മറയ്ക്കാനുള്ള അവകാശം പിടിച്ചുവാങ്ങിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഹിജാബ് ധരിക്കുന്നതെന്ത് കൊണ്ടെന്ന ചോദ്യത്തിന് ഇതെന്റെ വിശ്വാസത്തെ കാഴ്ച്ചയില്‍ തന്നെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. 'ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍ പോസിറ്റീവ് ആക്കി മാറ്റേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്'. ഇല്‍ഹാനെ സംബന്ധിച്ചെടുത്തോളം ഇസ്ലാമോഫോബിയ വേരൂന്നിയ ഒരു പൊതുബോധത്തിന് മുന്നില്‍ അതിന്റെ രാഷ്ട്രീയ ചുറ്റുപാടില്‍ തന്റെ വിശ്വാസത്തെ പുണരാന്‍ ഹിജാബ് തന്നെയായിരുന്നു ഏറ്റവും വലിയ അടയാളം.
ട്രംപുമായി നേര്‍ക്കുനേര്‍
കടുത്ത മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ സമരത്തിലെ മുന്നണിപ്പോരാളിയായതോടെയാണ് ഇല്‍ഹാന്‍ ശ്രദ്ധിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നായിരുന്നു 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. സോമാലിയ ഉള്‍പ്പെടെ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റെന്ന നിലയില്‍ അത് നടപ്പാക്കുകയും ചെയ്തു. പിന്നീട് സുപ്രിം കോടതി പ്രസ്തുത നടപടികള്‍ തടഞ്ഞുവെന്നത് മറ്റൊരു കാര്യം. ഇസ്ലാം അമേരിക്കയെ വെറുക്കുന്നുവെന്നും 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണദിനം ന്യൂജഴ്സിയിലെ മുസ്ലിംകള്‍ ആഘോഷിക്കുകയായിരുന്നുവെന്നുമുള്ള നിരുത്തരവാദപരമായ ആരോപണങ്ങളും ട്രംപ് ഉന്നയിക്കുകയുണ്ടായി.
'നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് എന്നെ വെടിയുതിര്‍ക്കാം'.
'കണ്ണുകള്‍ കൊണ്ട് എന്നെ മുറിവേല്‍പ്പിക്കാം.
വിദ്വേഷത്താല്‍ എന്നെ കൊല്ലാം''.
'എന്നാലും, കാറ്റിനെപ്പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും'.
ട്രംപ് നടത്തിയ വംശീയ അക്രമണത്തിന് ട്വിറ്ററില്‍ ഇല്‍ഹാന്‍ ഉമര്‍ കുറിച്ച മറുപടി ഇതായിരുന്നു. അമേരിക്കന്‍ കവിയത്രി മായ ആന്‍ജലോയുടെ വരികള്‍. വര്‍ണ്ണവെറിയുടെ മുനകളൊടിച്ച് നെല്‍സണ്‍ മണ്ടേല പ്രസിഡന്റ് പദവിയേല്‍ക്കുമ്പോഴും ഇതേ വരികളാണ് ലോകത്തോട് വിളിച്ചോര്‍മ്മിപ്പിച്ചത്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടസ്,മിച്ചിഗണ്‍ പ്രവിശ്യയില്‍ നിന്നുള്ള റാഷിദാ താലിബ്,മനാച്ചു സെറ്റില്‍ നിന്നുള്ള അയന്ന പ്രിസ് ലി എന്നിവരടങ്ങുന്ന നാല്‍വര്‍ സംഘമാണ് ട്രംപിന്റെ വംശീയ അക്രമണത്തിനിരയായത്. ദി സ്‌ക്വാഡ് എന്നാണ് ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍ അറിയപ്പെടുന്നത്.
ഇസ്‌റാഈലിനെ അന്ധമായി പിന്തുണക്കുന്ന അമേരിക്കയുടെ വിദേശ നയത്തെ നിശിതമായി വിമര്‍ശിച്ചതിന് സയണിസ്റ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും മാത്രമല്ല, ഡെമോക്രാറ്റുകളിലെ ചിലരും ഇല്‍ഹാനെ സെമിറ്റിക് വിരുദ്ധയായി മുദ്രകുത്തി. അമേരിക്കയുടെ ഇസ്‌റാഈലീ പിന്തുണയുടെ പിന്നില്‍ സയണിസ്റ്റ് അനുകൂല ലോബിയുടെ പണക്കൊഴുപ്പാണെന്ന പരാമര്‍ശം വലിയ കോളിളക്കമുണ്ടാക്കി. ഇല്‍ഹാന്‍ രാജിവെക്കണമെന്നുവരെ ട്രംപ് ആവശ്യപ്പെട്ടു. ഒടുവില്‍ ഡെമോക്രാറ്റുകളില്‍നിന്നും ശക്തമായ വിമര്‍ശനമുണ്ടായതോടെ ഇല്‍ഹാന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. ഇസ്‌റാഈലിന്റെ അധിനിവേശ ക്രൂരതകള്‍ക്കെതിരെ നിലവില്‍ വന്ന ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണച്ചതിനും ഇല്‍ഹാനും റാഷിദയും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്.
അനീതിയുടെ കാവലാളുകളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും....
''എനിക്കറിയാം എന്റെ ദൗത്യമെന്താണെന്നും എന്റെ കര്‍ത്തവ്യമെന്താണെന്നും, എന്റെ ശ്വാസം നിലക്കുന്നിടത്തോളം കാലം ഞാന്‍ ചില ആളുകളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും''- തനിക്കെതിരായ എല്ലാ എതിര്‍പ്പുകള്‍ക്കും മേല്‍ മുഷ്ടി ചുരുട്ടി ഉയര്‍ന്നു നിന്ന് കരുത്തവരുടെ, തട്ടമിട്ടവരുടെ പ്രതിനിധിയായി അവര്‍ പറഞ്ഞ വാക്കുകള്‍ മിനസോട്ടയിലെ വിജയാരവങ്ങള്‍ക്കൊപ്പം ഇവിടെ വീണ്ടും ചേര്‍ത്തു വെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."