കളി മൈതാനം കണ്ടാല്‍ 75ലും കുത്തിരിപ്പ് മുഹമ്മദിന് 'കാലുറക്കില്ല'
മൊഗ്രാല്‍: കളി മൈതാനത്ത് ആരെങ്കിലും പന്ത് തട്ടുന്നതു കണ്ടാല്‍ 75 ലും കുത്തിരിപ്പ് മുഹമ്മദിന്റെ കാലുതരിക്കും. മിക്ക ദിവസങ്ങളിലും വൈകുന്നേരവും രാവിലെയും മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളോടൊപ്പം മൊഗ്രാലിന്റെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പ് മുഹമ്മദിന്റെ സാന്നിധ്യമുണ്ടാകും. പ്രായവും രോഗവും തളര്‍ത്താത്ത 75ലും കുരുന്നുകള്‍ക്ക് ഫുട്‌ബോളിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് കുത്തിരിപ്പ് മുഹമ്മദ്.
1952 ലാണ് കുത്തിരിപ്പ് മുഹമ്മദ് ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് 100 വര്‍ഷം പിന്നിടുമ്പോള്‍ നേടിയ മുന്നേറ്റത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ചെറുതായിരുന്നില്ല. അതുകൊണ്ടു തന്നെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബിനും നാട്ടുകാര്‍ക്കും ആവേശമായ കുത്തിരിപ്പ് മുഹമ്മദ് റഫറിയായും കോച്ചായും ടീം മാനേജരായും മൊഗ്രാലില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിറഞ്ഞ മനസോടെയാണ് ഇദ്ദേഹം ദുബൈയിലെ യുവ വ്യവസായി സി ഹിദായത്തുല്ലയുടെ ബിസിനസ് സ്ഥാപനമായ ജെ.ആര്‍.ടിയുടെ സഹകരണത്തോടെ കുരുന്നുകള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കി വരുന്നത്. അന്‍പതോളം കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്.
സന്തോഷ് ട്രോഫിക്കു വേണ്ടി സംസ്ഥാന ടീമിനായി കളിച്ച പരേതനായ പ്രൊഫ.പി.സി.എം കുഞ്ഞി, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഫാറൂഖ്, ബംഗളൂരു താരം അബ്ദുല്ല പെര്‍വാഡ്, പരേതനായ പി. സി കുഞ്ഞിപ്പക്കി, ഹാജി ടി. എം കുഞ്ഞി, ടി.സി ഷരീഫ്, എം.എം പെര്‍വാഡ് കുഞ്ഞിപ്പ, മുബാറക് അഹമ്മദ്, എം.കെ അബ്ദുല്ല, എം.പി മുഹമ്മദ് കുഞ്ഞി, ഗംഗാധരന്‍, എം.പി ഹംസ, പി.സി ആസിഫ്, എം.പി.എ ഖാദര്‍, കെ.സി സലിം തുടങ്ങി പഴയ കാല താരങ്ങള്‍ക്കൊപ്പവും എച്ച്.എ ഖാലിദ്, മഖ്ദൂം, രിഫാഇ, ഷഹാമത്ത്, ഹാദി, ജാബിര്‍ തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പവും കളിക്കാനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടി സജീവമാകാനും ഇപ്പോള്‍ കുരുന്നുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്നതുമെല്ലാം വലിയ ഭാഗ്യമായാണ് കുത്തിരിപ്പ് മുഹമ്മദ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."