മറയൂര്‍ ചന്ദന വിത്തിന് റെക്കോര്‍ഡ് വില
സ്വന്തം ലേഖകന്‍
തൊടുപുഴ: മറയൂര്‍ ചന്ദനക്കാട്ടില്‍നിന്ന് ശേഖരിക്കുന്ന ചന്ദനവിത്തിന് റെക്കോര്‍ഡ് വില. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് ഉയര്‍ന്ന വിലയായി ലഭിച്ചത് 710 രൂപയായിരുന്നു. ഇത്തവണ 1,500 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചന്ദനമരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനം മറയൂരിലേതാണ്. മുന്‍കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്ന വിത്ത് നേരിട്ട് വില്‍പന നടത്തുകയായിരുന്നു പതിവ്. ഇത്തവണ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് വിത്ത് വില്‍പന നടത്തുന്നത്. ചന്ദനത്തിന്റെ ഗുണമേന്മ കാരണം ഉയര്‍ന്ന വില നല്‍കി വാങ്ങാന്‍ നിരവധി പേര്‍ തയാറാകുന്നുണ്ട്.
വനം വികസന സമിതിയുടെ നിയന്ത്രണത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരിക്കുന്നത്.
വനം വികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും ചന്ദനവിത്ത് ലഭിക്കും. ബംഗളൂരു ഐ.ഡബ്ല്യു.യു.എസ്.ടി, കെ.എഫ്.ആര്‍.ഐ, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര വനം വകുപ്പുകള്‍ ചന്ദനവിത്തിനായി മറയൂരില്‍ ബന്ധപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."