മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും ഇനി വളഞ്ഞ വഴിയില്‍ ഇരട്ടി സംവരണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്നോക്ക സാമ്പത്തിക സംവരണം അനുവദിക്കാന്‍ പി.എസ്.സിയും തീരുമാനിച്ചതോടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഇനി നടപ്പിലാകുന്നത് 10 ശതമാനം സംവരണത്തിന്റെ മറപിടിച്ച് പൊതുവിഭാഗത്തില്‍ നിന്ന് ഇരട്ടി വിഹിതം (20 ശതമാനം) കവരുന്ന കൗശലം.
സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്ച നടന്ന പി.എസ്.സി യോഗവും അംഗീകരിച്ചതോടെ ഇരട്ടി സംവരണമാണ് മുന്നോക്കക്കാര്‍ക്ക് ലഭിക്കുന്നത്. മുന്നോക്ക സംവരണം സര്‍ക്കാര്‍ നിയമനങ്ങളിലും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയ ഒക്‌ടോബര്‍ 23 മുതലുള്ള വിജ്ഞാപനങ്ങള്‍ക്കാണ് സംവരണം ഏര്‍പ്പെടുത്താന്‍ പി.എസ്.സി തീരുമാനിച്ചത്. ഒക്ടോബര്‍ 23 മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി അവസാനിച്ചിട്ടില്ലാത്ത വിജ്ഞാപനങ്ങളില്‍, അര്‍ഹരായവര്‍ക്ക് സംവരണാനുകൂല്യം അവകാശപ്പെടുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാസം നാലിന് അവസാന തിയതിയായിട്ടുള്ള വിജ്ഞാപനങ്ങളില്‍ അര്‍ഹരായവര്‍ക്ക് സംവരണാനുകൂല്യം അവകാശപ്പെടുന്നതിന് ഈ മാസം 14 അര്‍ധരാത്രി 12 മണി വരെ അവസാന തിയതി ദീര്‍ഘിപ്പിച്ച് നല്‍കും. മുന്നോക്ക സംവരണം ബാധകമല്ലാത്ത വകുപ്പ്തല ക്വാട്ട വിജ്ഞാപനങ്ങള്‍ക്ക് തിയതി ദീര്‍ഘിപ്പിക്കല്‍ ബാധകമല്ല. ഒക്ടോബര്‍ 30 മുതല്‍ തുടര്‍ന്നുള്ള വിജ്ഞാപനങ്ങള്‍ക്കും മുന്നോക്ക സംവരണം ബാധകമാക്കാനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഓപണ്‍ ക്വാട്ടയിലെ (പൊതു വിഭാഗം) പത്ത് ശതമാനം സംവരണമെന്ന് പറയുകയും 20 ശതമാനം നല്‍കുകയും ചെയ്യുന്ന കൗശലമാണ് പി.എസ്.സി നിയമനങ്ങളിലും ആവര്‍ത്തിക്കാന്‍ പോകുന്നത്.
പിന്നോക്കപട്ടിക വിഭാഗക്കാര്‍ക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തില്‍ കുറവ് വരുത്താതെ, ബാക്കിയുള്ള 50 ശതമാനം മെറിറ്റ് ക്വാട്ടയില്‍ നിന്ന് 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിന് നല്‍കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള വിശദീകരണം. സംഭവിക്കുന്നതോ നിയമനം 100 ഒഴിവുകളിലേക്കാണെങ്കില്‍, അതില്‍ 50 എണ്ണം പട്ടിക, പിന്നാക്ക സംവരണത്തിനാണ്. സര്‍ക്കാര്‍ വിശദീകരണപ്രകാരം ശേഷിച്ച 50 പൊതു നിയമനങ്ങളില്‍ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് നല്‍കേണ്ടത്. സാമാന്യ ഗണിതം അനുസരിച്ച് അത് അഞ്ച് എണ്ണമേ വരൂ.
എന്നാല്‍, നല്‍കുന്നതാവട്ടെ 10 നിയമനങ്ങള്‍. അതായത് മെരിറ്റിലെ 20 ശതമാനം. ഇവിടെ അധികം കവരുന്ന അഞ്ച് എണ്ണം ഉള്‍പ്പെടെ 10 നിയമനങ്ങളും സംവരണ സമുദായങ്ങള്‍ക്കായി മാറ്റി വയ്ക്കപ്പെടും.
കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍, ഇക്കൊല്ലത്തെ പ്ലസ് വണ്‍ പ്രവേശനങ്ങളില്‍ നടത്തിയ തട്ടിപ്പിന്റെ തുടര്‍ച്ച തന്നെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."