സംസ്ഥാനത്ത് പിന്നോക്ക മുന്നണിക്ക് സാധ്യത തെളിയുന്നു
സ്വന്തം ലേഖിക
കൊച്ചി: മുന്നോക്ക സംവരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു പിന്നോക്ക സംവരണ സംരക്ഷണ മുന്നണിക്ക് സാധ്യത തെളിയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ നഷ്ടമനുഭവിക്കേണ്ടിവരുന്ന പിന്നോക്ക സമുദായങ്ങളും സമുദായ സംഘടനകളും ഇത്തരമൊരു സംവരണ മുന്നണിക്കായി മനസ് പാകപ്പെട്ട നിലയിലാണ്. എന്നാല്‍, ആര് മുന്‍കൈയെടുക്കുമെന്ന സാങ്കേതിക പ്രശ്‌നം മാത്രമാണ് ബാക്കി.
പിന്നോക്ക സമുദായങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകുകയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നണി ബന്ധങ്ങള്‍ക്കതീതമായി സംവരണ സംരക്ഷണ മുന്നണിക്ക് കളമൊരുങ്ങുന്നത്. നിലവില്‍, വിവിധ പിന്നോക്ക സമുദായ സംഘടനകള്‍ സ്വന്തം നിലക്ക് പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടത്തുന്നുണ്ട്. എന്നാല്‍, ഒറ്റയ്‌ക്കൊറ്റക്കുള്ള പ്രക്ഷോഭം കൊണ്ട് സര്‍ക്കാരിനെ തിരുത്താനാവില്ലെന്നും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും സമുദായ സംഘടനകള്‍ തിരിച്ചറിയുന്നുമുണ്ട്. ഇതേ അഭിപ്രായമാണ് വിവിധ നേതാക്കള്‍ 'സുപ്രഭാത'ത്തോട് പങ്കുവച്ചതും.
എല്ലാ വിഭാഗത്തിനും നീതികിട്ടും വിധം രാഷ്ട്രീയത്തിന് അതീതമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തങ്ങള്‍ തയാറാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. സംവരണ സംരക്ഷണ കാര്യത്തില്‍ എല്ലാവരാലും ചതിക്കപ്പെട്ട സംഘടനയാണ് എസ്.എന്‍.ഡി.പി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് യോജിച്ചുള്ള സമരത്തിന് തങ്ങളും അണിനിരന്നിരുന്നു. എന്നാല്‍, സമര രംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍ തങ്ങളുടെ വിഹിതവുമായി പോയി. ഇനി അത്തരമൊരു ചതിക്കപ്പെടലിന് തയാറല്ല. എല്ലാവര്‍ക്കും നീതികിട്ടും വിധമുള്ള സമരത്തിനേ തങ്ങള്‍ ഒരുക്കമുള്ളൂ. പിന്നോക്ക സംവരണ താല്‍പര്യമുള്ള സംഘടനകള്‍ മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് ഇറങ്ങിവന്നാല്‍ ഒരു മൂന്നാം മുന്നണിയായി പ്രവര്‍ത്തിക്കുന്നതിനും തങ്ങള്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നാക്ക സംവരണ സംരക്ഷണത്തിന് വിശാല കൂട്ടായ്മ ആവശ്യമാണെന്ന് സംവരണ സമുദായ മുന്നണി രക്ഷാധികാരിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹ്മദ് കുട്ടിയും 'സുപ്രഭാത'ത്തോട് അഭിപ്രായപ്പെട്ടു. ഈ ദിശയിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന യോഗത്തിന്റെ ഫലമായി ചെറുതും വലുതുമായ 91 സംഘടനകള്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. മുന്നണിയുടെ നേതൃത്വത്തില്‍ ഈമാസം ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ സംവരണ സംരക്ഷണ പ്രക്ഷോഭം നടത്തും. ഈ വിഷയത്തില്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്
സംസ്ഥാനത്തെ 80 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് ഒരു മുന്നണിക്കും മുന്നോട്ടുപോകാനാകില്ല. അതിനാല്‍തന്നെ, പിന്നോക്ക വിഭാഗങ്ങള്‍ ഒന്നിച്ച് നിന്ന് പ്രക്ഷോഭത്തിനൊരുങ്ങിയാല്‍ തീര്‍ച്ചയായും ഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.പിന്നോക്ക സംവരണ സംരക്ഷണത്തിന് യോജിച്ചുള്ള പ്രക്ഷോഭത്തിന് ഒരുക്കമാണെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വക്താവും വ്യക്തമാക്കി. നിലവില്‍, സംവരണ സമുദായ മുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റക്കുള്ള പ്രക്ഷോഭങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഈമാസം അഞ്ചിന് നില്‍പ് സമരം നടത്തും. മൊത്തം പിന്നോക്ക സമുദായങ്ങളും ഒന്നിച്ച് സമര രംഗത്തിറങ്ങിയാലേ സര്‍ക്കാര്‍ തീരുമാനം തിരുത്താനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണ മുന്നണി പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും വ്യക്തമാക്കിയിട്ടുണ്ട്. ദലിത് സംഘടനകളും സമാന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു പിന്നോക്ക ഐക്യത്തിനുള്ള മുഴുവന്‍ സാഹചര്യങ്ങളും സംസ്ഥാനത്ത് രൂപപ്പെട്ട് വരികയാണ്. വരും ദിവസങ്ങളില്‍ ചില നിര്‍ണായക രാഷ്ട്രീയ നീക്കമായി ഇത് മാറുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."