നസീര്‍ വധശ്രമം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
തലശേരി: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ പൊലിസ് തെളിവെടുപ്പിനെത്തിച്ചു. കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് (26) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തെളിവെടുപ്പിനെത്തിച്ചത്. കൃത്യം നടത്തിയ കായ്യത്ത് റോഡ് പരിസരം, ഒ.വി റോഡ്, പ്രതികള്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്ന തലശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്ക് എന്നിവടങ്ങളിലാണു സി.ഐ വിശ്വംഭരന് നായരുടെയും എസ്.ഐ ഹരീഷിന്റെയും നേതൃത്വത്തില്‍ പ്രതികളെ എത്തിച്ചത്.
അതേസമയം കേസില്‍ മൂന്നുപേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ ജില്ലാസെഷന്‍സ് കോടതി ഇന്ന് വിധി പറയും. കാവുംഭാഗം മൂക്കള്ളില് മീത്തല്‍ വീട്ടില്‍ ജിതേഷ് (25), കുന്നിനേരി മീത്തല്‍ വീട്ടില്‍ എം.വി വിപിന്‍ (32), ചെറിയാണ്ടി ഹൗസില്‍ സി. മിഥുന് (30) എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. റിമാന്‍ഡില്‍ കഴിയുന്ന അശ്വന്തിന്റെയും സോജിത്തിന്റെയും ജാമ്യഹരജി ഇന്നു കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."