ബാങ്ക് വായ്പയില്‍ ആശയക്കുഴപ്പം; കുടുംബശ്രീ ക്ലസ്റ്റര്‍ യോഗത്തില്‍ ബഹളം
കളമശ്ശേരി: കളമശ്ശേരി ടൗണ്‍ ഹാളില്‍ ശനിയാഴ്ച രാവിലെ കൂടിയ കുടുംബശ്രീ ക്ലസ്റ്റര്‍ യോഗത്തില്‍ ബാങ്ക് വായ്പയെച്ചൊല്ലി ബഹളവും ഇറങ്ങിപ്പോക്കും. പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയാണ് ബഹളത്തില്‍ കലാശിച്ചത്. ഓരോ കുടുംബശ്രീ അംഗത്തിനും പലിശ കൂടാതെ ഓരോ ലക്ഷം രൂപ വായ്പ ലഭിക്കുമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നും ആദ്യം ലഭിച്ച വിവരം. എന്നാല്‍ ശനിയാഴ്ചത്തെ യോഗത്തില്‍, ഒരയല്‍ക്കൂട്ടത്തിനായി 10 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്നും ഒമ്പതു ശതമാനം പലിശ സബ്‌സിഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പിന്നീട് ലഭിക്കുമെന്നും അധ്യക്ഷത വഹിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത വേലായുധന്‍ പറഞ്ഞു. മാത്രമല്ല
പലിശ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിക്കും. അയല്‍ക്കൂട്ടം നേരത്തെ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ ആ തുക കുറച്ചതിന് ശേഷമായിരിക്കും പുതിയ വായ്പ ലഭിക്കുകയെന്നും തിരിച്ചടവ് 36 മാസത്തിനും 48 മാസത്തിനും ഇടയ്ക്കായിരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
ഇതോടെ ഒരുവിഭാഗം കുടുംബശ്രീ പ്രവര്‍ത്തകര്‍ ബഹളം തുടങ്ങി. ഇങ്ങിനെ ലഭിക്കുന്ന വായ്പ തുക കൊണ്ട് ഒരു കുടുംബശ്രീ അംഗത്തിന് 10000 രൂപ പോലും നല്‍കാനാവില്ലെന്നും ഇത് സമ്മതിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. പുറമെ നിന്ന് ഹാളിലെത്തിയ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടപെടല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഇതോടെ ചിലര്‍ വിവരം കളമശ്ശേരി പൊലിസ് സ്റ്റേഷനിലറിയിച്ചു.
കളമശ്ശേരി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്തിലെത്തിയ പൊലിസ് സംഘം ഹാളിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കി. ഇതോടെ ഒരു വിഭാഗം കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്പ തുക ഒന്നിനും തികയില്ലെന്നും ഇത് തങ്ങള്‍ക്ക് വേണ്ടന്നും പറഞ്ഞ് പ്രതിഷേധിച്ച് ഹാളില്‍ നിന്നിറങ്ങിപ്പോയി.
അയല്‍ക്കൂട്ടങ്ങളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍പേഴ്‌സണ്‍മാരും കമ്മിറ്റി അംഗങ്ങളും കോബഓപ്റ്റ് ചെയ്തിട്ടുള്ള അഞ്ചു കൗണ്‍സിലര്‍മാരുമാണ് യോഗത്തിനുണ്ടായിരുന്നത്. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ റസിയ സിദ്ദിഖ്, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍,എ.കെ.ബഷീര്‍, മൈമൂനത്ത് അഷറഫ്, ബിന്ദു മനോഹരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."