അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു, ഒരുമാസത്തിന് ശേഷം
സംസ്‌കാരം വന്‍ പൊലിസ് സുരക്ഷയില്‍
ശാസ്താംകോട്ട(കൊല്ലം): ഒരുമാസം മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹം പള്ളി സെമിത്തേരിയിവന്‍ പൊലിസ് സുരക്ഷയില്‍ സംസ്‌കരിച്ചു. ജലമലിനീകരണം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്ന് ചില പ്രദേശവാസികളും ബി.ജെ.പി പ്രവര്‍ത്തകരും നിലപാടെടുത്തതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നേരത്തെ അനിശ്ചിതത്വത്തിലായിരുന്നത്. പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ ചടങ്ങുകള്‍ നടന്നത്.
കഴിഞ്ഞ മെയ് 13ന് ആയിരുന്നു കുന്നത്തൂര്‍ തുരുത്തിക്കര കാളിശ്ശേരി മേലേതില്‍ വീട്ടില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ (75) മരിച്ചത്. എന്നാല്‍ ദലിത് ക്രൈസ്തവ ദേവാലയമായ ജറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കുന്നത് സംബന്ധിച്ച തര്‍ക്കം രൂക്ഷമായതോടെ അന്നമ്മയുടെ മൃതദേഹം കുന്നത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. നാല് വര്‍ഷമായി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്‌കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള മറ്റൊരു ദേവാലയമായ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ പള്ളിക്കമ്മറ്റി അനുവദിച്ച് നല്‍കിയ ഒരിടത്തായിരുന്നു പിന്നീട് ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരെ അടക്കിയിരുന്നത്. എന്നാല്‍ മൂത്രപ്പുരയോട് ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന ആ സ്ഥലത്ത് തങ്ങളുടെ കുടുംബക്കാരെ അടക്കുന്നതിനോട് ഇവര്‍ക്ക് വിയോജിപ്പായിരുന്നു.
മകനുവേണ്ടി 1999ല്‍ പണിത കല്ലറയില്‍ തന്നെ അന്നമ്മയെ അടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുകൂല ഉത്തരവ് നല്‍കിയതോടെ വീണ്ടും അതിന്റെ സാധ്യതകള്‍ ചര്‍ച്ചയായി. ജില്ലാ കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, കല്ലറ കോണ്‍ക്രീറ്റ് ചെയ്താല്‍ അടക്കാന്‍ അനുവദിക്കാമെന്ന് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം കല്ലറ കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും 14 ദിവസം കാത്തിരുന്നതിന് ശേഷം മാത്രമേ ശവസംസ്‌കാരം സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് യോഗത്തില്‍ കലക്ടര്‍ അറിയിച്ചതിനാല്‍ നടപടി നീണ്ടുപോയി.
കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി കല്ലറ പരിശോധിച്ചതിന് ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 31 ദിവസത്തിന് ശേഷം ഇന്നലെ രാവിലെ ഒന്‍പതിനാണ് അന്നമ്മയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ നടത്തിയത്.
നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വന്‍ പൊലിസ് സന്നാഹത്തോടെയായിരുന്നു ഇന്നലെ രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
പ്രതിഷേധക്കാരില്‍ ഒരാള്‍ സെമിത്തേരിക്കടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. മൂന്നുദിവസത്തേക്ക് പ്രദേശത്ത് പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."