രൂപയിടിവ് തുടരുന്നു; ഇന്ന് ഡോളറിനെതിരെ 81 പൈസയുടെ നഷ്ടം
ന്യൂഡല്‍ഹി: വൈകിയെടുത്ത സര്‍ക്കാര്‍ നടപടിയൊന്നും കൂസാതെ രൂപയുടെ ഭീമമായ ഇടിവ് തുടരുന്നു. തിങ്കളാഴ്ചത്തെ ഇടപാടില്‍ ഒരുവേള 81 പൈസ വരെ നഷ്ടമുണ്ടായി. യു.എസ് ഡോളറിനെതിരെ 72.65 രൂപയിലാണ് ഇപ്പോള്‍ ട്രേഡ് നടക്കുന്നത്.
ചൈനീസ് ഇറക്കുമതിക്കെതിരെ പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ രൂപയ്ക്ക് കടുത്ത ഇടിവ് നേരിടേണ്ടി വന്നത്. ചൈനയുടെ 200 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇറക്കുമതിയെയാണ് പുതിയ താരിഫ് ബാധിക്കുക. യു.എസിന്റെ പ്രഖ്യാപനം എന്തായാരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.
വെള്ളിയാഴ്ച 71.84 എന്ന നിലയിലാണ് രൂപയുടെ ഇടപാട് അവസാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ ഏറ്റവും താഴ്ന്ന മൂല്യമായിരുന്നു ഇത്.
രൂപയുടെ ഇടിവ് ബാഹ്യകാരണങ്ങള്‍ കൊണ്ടാണെന്ന് പറഞ്ഞ് ആദ്യം ഒരു നടപടിയും കൈക്കൊള്ളാതിരിക്കുന്ന കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും കഴിഞ്ഞദിവസം ഉണര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക അവലോകന യോഗത്തില്‍, രൂപയുടെ തകര്‍ച്ച തടയാന്‍ ചില നടപടി പ്രഖ്യാപിക്കകയും ചെയ്തിരുന്നു.
അത്യാവശ്യമല്ലാത്ത ഇറക്കുമതികള്‍ വെട്ടിച്ചുരുക്കുമെന്നായിരുന്നു ഇതില്‍ പ്രധാനപ്പെട്ട പ്രഖ്യാപനം. നിര്‍മാണ മേഖലയില്‍ വിദേശ വായ്പയ്ക്കുള്ള നിബന്ധനങ്ങള്‍ ലളിതമാക്കും, മസാല ബോണ്ടുകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി ബാങ്ക് നിബന്ധനങ്ങള്‍ ഇളവു ചെയ്യും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."