യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മുഴങ്ങും; അബ്ദുല്‍ ഗഫൂര്‍ ഹുദവിയുടെ ശബ്ദം
മലപ്പുറം: അടുത്ത വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിക്കാന്‍ മലയാളി വിദ്യാര്‍ഥിയും. മലപ്പുറം പൊന്മള കിഴക്കേത്തല കുന്നത്തൊടി അബ്ദുല്‍ ഗഫൂര്‍ ഹുദവിക്കാണ് ഈ അപൂര്‍വ അവസരം ലഭിച്ചിട്ടുള്ളത്. 'വിവിധ ഭാഷകള്‍ ഒരു ലോകം' എന്ന പ്രമേയത്തില്‍ യു.എന്‍ അക്കാദമിക് ഇംപാക്റ്റ് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് അസംബ്ലിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ഗഫൂറിന് അവസരം ലഭിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് പോകാന്‍ സാധിക്കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അബ്ദുല്‍ ഗഫൂര്‍ അസംബ്ലിയെ അഭിമുഖീകരിക്കുന്നത്.
യു.എന്‍ വെബ് ടി.വി പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യും. 165 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുത്ത അറുപത് പേര്‍ക്കാണ് അസംബ്ലിയില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നത്. 54 യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ലഭിച്ച 3600 അപേക്ഷകളില്‍ നിന്നാണ് 60 പേരെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ച മൂന്നുപേരില്‍ ഏക മലയാളിയാണ് അബ്ദുല്‍ ഗഫൂര്‍ ഹുദവി. ഇത് മൂന്നാംതവണയാണ് യു.എന്‍.ഒ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
'ആഗോള പൗരത്വവും സാംസ്‌കാരിക കൈമാറ്റങ്ങളും' എന്ന വിഷയത്തിലാണ് ഗഫൂര്‍ പ്രബന്ധം സമര്‍പ്പിച്ചത്. യു.എന്‍.ഒ അംഗീകരിച്ച ആറ് ഭാഷകളില്‍ മാത്രമേ പ്രബന്ധങ്ങള്‍ പരിഗണിക്കുകയുള്ളൂ. അറബി ഭാഷയിലാണ് ഗഫൂര്‍ പ്രബന്ധം തയാറാക്കിയത്. പ്രബന്ധങ്ങളില്‍ നിന്നു തെരഞ്ഞെടുത്തവരെ അഭിമുഖം നടത്തിയാണ് കോണ്‍ഫറന്‍സിലേക്ക് പരിഗണിക്കുന്നത്.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ ഗഫൂര്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ്. മലപ്പുറം പൊന്മള കിഴക്കേത്തലയിലെ പരേതനായ കുന്നത്തൊടി കുഞ്ഞാപ്പുഹാജിയുടെയും മറിയുമ്മയുടെയും മകനാണ് ഗഫൂര്‍. ആയിഷ വജീഹയാണ് ഭാര്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."