കോപയില്‍ നാളെ വിസില്‍ മുഴങ്ങും
സാവോ പോളോ: കോപാ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ രാവിലെ ആറിന് വിസില്‍ മുഴങ്ങും. ബ്രസീലിലെ സാവോ പോളോയിലെ സിസെറോ പെംപോയി ദെ ടൊലേദി സ്റ്റേഡിയത്തില്‍ ബ്രസീലും ബൊളീവിയയും തമ്മിലാണ് ആദ്യ മത്സരം. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
അതിഥി രാജ്യങ്ങളെന്ന നിലയില്‍ ഏഷ്യയില്‍നിന്ന് ജപ്പാനും ഖത്തറും ഇത്തവണത്തെ കോപാ അമേരിക്കയില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. കിരീടപ്പോരാട്ടത്തിനായി അരയും തലയും മുറുക്കി ഇറങ്ങുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്കിടയിലേക്കാണ് ഖത്തറും ജപ്പാനും ഇറങ്ങുന്നത്. ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ ബ്രസീലുമായുള്ള സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും മികച്ച ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് പരിശീലകന്‍ പറഞ്ഞു. ഗ്രൂപ്പ് എയില്‍ ബ്രസീല്‍, ബൊളീവിയ, പെറു, വെനസ്വേല എന്നീ ടീമുകളാണുള്ളത്. അര്‍ജന്റീന, കൊളംബിയ, പരാഗ്വെ, ഖത്തര്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും നിലവിലെ ചാംപ്യന്‍മാരായ ചിലി, ഇക്വഡോര്‍, ജപ്പാന്‍, ഉറുഗ്വെ എന്നിവര്‍ ഗ്രൂപ്പ് സിയിലും ഉള്‍പ്പെടുന്നു. ജൂലൈ എട്ടിന് മറക്കാനയിലാണ് ഫൈനല്‍ നടക്കുന്നത്. പരുക്കേറ്റ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കോപയില്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം ഇല്ലെങ്കിലും മികച്ച താരനിരയുള്ള ബ്രസീല്‍ സ്വന്തം നാട്ടില്‍ കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ പരാജയപ്പെട്ട മെസ്സിയും സംഘവും കിരീടത്തില്‍ കുറഞ്ഞതൊന്നും ആശിക്കുന്നില്ല. ഒരു പക്ഷെ രാജ്യത്തിനായി കോപ നേടാന്‍ മെസ്സിയുടെ അവസാന അസരമായിരിക്കും ഇത്. കൊളംബിയയുമായിട്ടാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. രാവിലെ 6.30, രാത്രി 12.30, പുലര്‍ച്ചെ 3.30 എന്നീ ഇന്ത്യന്‍ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യയില്‍ സംപ്രേഷണമില്ല
കോപ അമേരിക്കന്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംപ്രേഷണം ഉണ്ടാകില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ പിന്തുണക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത് കന്നത്ത തിരിച്ചടിയാകും. തങ്ങളുടെ ഇഷ്ട ടീമിന്റെ കളികള്‍ കാണാന്‍ സൗകര്യമുണ്ടാവില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യുന്നതിനാല്‍ മറ്റൊരു മത്സരത്തിന് സാധ്യതയില്ല. സംപ്രേഷണത്തിന് കൂടുതല്‍ പണം ചോദിച്ചത് കാരണം സോണി നെറ്റ്‌വര്‍ക്കും പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."