വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ട്രംപ്: നിയമപരമായി നേരിടുമെന്ന് ബൈഡന്‍
വാഷിങ്ടണ്‍:യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു.
ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം കൃത്യമായി ആര് വിജയിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയാത്ത തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്.
അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളില്‍ ബൈഡനാണ് മുന്നില്‍. പക്ഷേ നിര്‍ണായ സ്വിങ് സ്റ്റേറ്റുകളില്‍ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്.വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും രംഗത്തുവന്നിട്ടുണ്ട്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന ഫ്‌ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം.ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി.വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.
ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."