ഒരിക്കലും തോല്‍ക്കരുതായിരുന്നു, തന്റെ തോല്‍വിയില്‍ കോണ്‍ഗ്രസ്, ലീഗ് അനുഭാവികള്‍ക്കു പോലും ഖേദം- എം.ബി രാജേഷ്
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ എം.പി എം.ബി രാജേഷ്. നിരവധി പേര്‍ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അരോചകമായ തരത്തിലേക്ക് മാറിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ പല തലത്തിലുള്ള ആളുകള്‍ തന്റെ തോല്‍വിയില്‍ നിരാശരാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍, ടെലഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. കോണ്‍ഗ്രസ്, ലീഗ് അനുഭാവികള്‍ പോലും തന്നെ വിളിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നത്. അതു പോലെ സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടാവണമായിരുന്നും അവര്‍ പറയുന്നു- രാജേഷ് വിശദമാക്കി.
നരേന്ദ്രമോദിക്കെതിരെ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതിപക്ഷ പ്രചരണവും മാധ്യമ പ്രചരണവും ആളുകളെ ആകര്‍ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ വോട്ടുകള്‍ പാഴായതായി പലവോട്ടര്‍മാരും കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2004ല്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ത്രിപുരയും പശ്ചിമ ബംഗാളും ഉണ്ടായിരുന്നു. ഇത് ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാവാന്‍ സഹായിച്ചു. ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമായിരുന്നു. മോദിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് പലരും കരുതി. അവര്‍ ഇപ്പോള്‍ വിഷമത്തിലാണെന്നും രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."