മാനദണ്ഡങ്ങള്‍ ആദ്യ ഉത്തരവിന് വിരുദ്ധമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളിലേക്ക് പ്രവേശനത്തിനായി സാമ്പത്തിക സംവരണം നടപ്പാക്കിയത് സര്‍ക്കാരിറക്കിയ ആദ്യ ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ തന്നെ സത്യവാങ്മൂലം. മഞ്ചേരി സ്വദേശിയും സുഹൃത്തും നല്‍കിയ ഹരജിയില്‍ കോടതി സര്‍ക്കാരിനോട് ഒക്ടോബര്‍ 27നു വിശദീകരണം തേടിയതിനെ തുടര്‍ന്ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടതായി സര്‍ക്കാര്‍ തന്നെ അംഗീകരിക്കുന്നത്.
സാമ്പത്തിക സംവരണം നല്‍കുന്നത് ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള പത്ത് ശതമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുസംബന്ധിച്ച് ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ 2020 ജനുവരി മൂന്നിനു പുറത്തിറക്കിയ ഉത്തരവിലെ എട്ടാം നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിനു വിരുദ്ധമായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മഞ്ചേരി സ്വദേശിയായ വിദ്യാര്‍ഥി യു. ശബീര്‍ അഹമ്മദ്, ഷെഫീഖ് കല്ലായി എന്നിവര്‍ അഡ്വ. കെ.പി ഇബ്രാഹിം മുഖേന നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
ജനറല്‍ വിഭാഗമെന്നും സംവരണ വിഭാഗമെന്നും രണ്ടു തരത്തിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍ വേര്‍തിരിച്ചത്. ഇതില്‍ ജനറല്‍ വിഭാഗത്തിലെ 52 ശതമാനത്തിലെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ ഉത്തരവിനു വിരുദ്ധമായാണ് നിലവില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ആകെ സീറ്റുകള്‍ 1,62,815 ആണ്. ഇതില്‍ നിന്ന് 48 ശതമാനം സംവരണവും 52 ശതമാനം ജനറലുമായാണ് സീറ്റ് വിഭജിക്കുന്നത്. ഇങ്ങനെ വിഭജിക്കുന്ന ജനറല്‍ വിഭാഗത്തിലെ 52 ശതമാനത്തിന്റെ 10 ശതമാനമായ 5.2 ശതമാനം സീറ്റാണ് മുന്നോക്ക സംവരണമായി നല്‍കേണ്ടത്.
എന്നാല്‍ ആകെ സീറ്റിന്റെ 10 ശതമാനമായ 16,283 സീറ്റുകളാണ് നിലവില്‍ സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിച്ചത്. ആകെ സീറ്റിന്റെ ജനറല്‍ വിഭാഗമായ 52 ശതമാനം സീറ്റ് എന്നു പറയുന്നത് 84,663 സീറ്റാണ്. ഇതിന്റെ 10 ശതമാനമായ 8,466 സീറ്റുമാത്രമേ സാമ്പത്തിക സംവരണ സീറ്റായി നല്‍കാന്‍ പാടുള്ളൂ. ഇങ്ങനെ നോക്കുമ്പോള്‍ 7,817 സീറ്റുകള്‍ അധികമായി നല്‍കിയെന്നാണ് ഹരജിക്കാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."