HOME
DETAILS
MAL
ഹജ്ജ് 2019: വിദേശ ഹാജിമാരുടെ ലഗേജുകൾ ഇനി താമസ സ്ഥലത്തേക്ക് നേരിട്ട്
backup
June 14 2019 | 06:06 AM
മക്ക: വിദേശ ഹാജിമാരുടെ ലഗേജുകൾ താമസ സ്ഥലത്തേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി ഒപ്പ് വെച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഹജ് തീർഥാടകരുടെ ലഗേജുകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നും
മക്കയിലെ താമസസ്ഥലങ്ങളിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ തീർത്ഥാടകർക്ക് വൻ ആശ്വാസമായിരിക്കും ലഭിക്കുക.
സഊദി ഹജ്, ഉംറ മന്ത്രാലയവും സഊദി കസ്റ്റംസുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയോടൊപ്പം തുർക്കി, മൊറോക്കൊ, അൾജീരിയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക.
കരാർ പ്രകാരം ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനലിൽ നിന്ന് കസ്റ്റംസ് പരിശോധന പൂർത്തിയാക്കിയ തീർഥാടകരുടെ ലഗേജുകൾ മക്കയിലെ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകും. ഇത് നടപ്പിലായാൽ തീർത്ഥാടകർക്ക് എയർപോർട്ടിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. ഇതിനാൽ വിമാന താവളത്തിൽ സമയം കുറക്കാൻ സാധിക്കും.
സഊദി ഹജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജിദ്ദ ഹജ്, ഉംറ മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ മർവാൻ അൽസുലൈമാനിയും സഊദി കസ്റ്റംസിനെ പ്രതിനിധീകരിച്ച് ജിദ്ദ എയർപോർട്ട് കസ്റ്റംസ് മേധാവി മിശ്അൽ അൽസുബൈദിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. തീർഥാടന യാത്രയിൽ ലഗേജുകൾ കൈവശം വെക്കുന്നത് ഹാജിമാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ചാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. ആഭ്യന്തര ഹജ് തീർഥാടകരുടെ ലഗേജുകൾ വീടുകളിൽ നിന്ന് ശേഖരിച്ച് പുണ്യസ്ഥലങ്ങളിൽ എത്തിക്കുകയും ഹജ് പൂർത്തിയായ ശേഷം പുണ്യസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ലഗേജുകൾ വീണ്ടും താമസസ്ഥലങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനും നീക്കമുണ്ട്. ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിൽ ആണ് 'ലഗേജില്ലാത്ത ഹജ്' എന്ന് പേരിട്ട പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആഭ്യന്തര തീർത്ഥാടകർ പ്രത്യേകം ഫീസ് നൽകേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."