മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കം തീര്‍ന്നില്ല
ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ഗ്രൂപ്പ് തര്‍ക്കം സംസ്ഥാന നേതാക്കള്‍ ഇടപെട്ടിട്ടും സമവായത്തില്ലെത്തിയില്ല. കഴിഞ്ഞ ദിവസം കെ.പി.സി.സി നേതക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ചര്‍ച്ചയില്‍ വിമത വിഭാഗം നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.
ഡി.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ച ഒന്‍പതംഗ പാനലിലെ ഭൂരിപക്ഷം പേരെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിമത വിഭാഗം. അര്‍ഹരായ പലര്‍ക്കും ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതായും വിമത വിഭാഗം ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം തീര്‍ക്കാന്‍ ജില്ലാ നേതൃത്വം ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വിമത വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ ബോവിക്കാനത്ത് വിപുലമായ കണ്‍വന്‍ഷന്‍ നടന്നതോടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഡി.സി.സി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച നാലുസ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് പഞ്ചായത്തംഗംസ മുളിയാര്‍ മണ്ഡലം പ്രസിഡന്റ്, ഏതാനും ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.
ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനെയാണ് വിമത വിഭാഗം ബാങ്ക് ഭരണസമിതി പ്രസിഡന്റായി ഉയര്‍ത്തി കാട്ടുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാരെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഔദ്യോഗിക വിഭാഗം നീക്കം നടത്തുന്നത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള കാനത്തൂര്‍, ഇരിയണ്ണി, പേരടുക്കം, കോട്ടൂര്‍, തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ തങ്ങളോടൊപ്പമുണ്ടെന്നും ബാക്കിയുള്ള മറ്റുപ്രദേശങ്ങളില്‍ നിന്ന് ഏതാനും അംഗങ്ങളുടെ വോട്ടു കൂടി ലഭിക്കുന്നതോടെ വിജയം ഉറപ്പാണെന്നുമാണ് വിമത വിഭാഗം പറയുന്നത്.
ഈ മാസം 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 11 സീറ്റിലേക്കാണ് മത്സരം. ഇതില്‍ നിക്ഷേപക വിഭാഗത്തിലേക്ക് മത്സരിച്ച ഒരംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന് രണ്ടു സീറ്റ് വിട്ടു നല്‍കിയിരിക്കുകയാണ്. ബാക്കി കോണ്‍ഗ്രസിനുള്ള എട്ടു സീറ്റിലേക്ക് 17 പേരാണ് മത്സര രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."