വനിതാനേതാവിന്റെ മകള്‍ക്ക് ജോലി; സി.പി.എമ്മില്‍ വിവാദം പുകയുന്നു
പെരിയ: സി.പി.എം വനിതാ നേതാവിന്റെ മകള്‍ക്ക് ജോലി തരപ്പെടുത്തി നല്കിയ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിവാദം പുകയുന്നു. പാര്‍ട്ടി ഉദുമ ഏരിയാ കമ്മിറ്റി അംഗവും തദ്ദേശസ്ഥാപന അധ്യക്ഷയുമായ വനിതാനേതാവിന്റെ മകള്‍ക്കാണ് പെരിയ ആയംപാറ സിമെറ്റ് നഴ്സിങ് കോളജ് ഓഫിസില്‍ ജോലി നല്‍കിയത്. പ്രദേശത്തെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ നല്കിയ പേരുകള്‍ പരിഗണിക്കാതെ വനിതാ നേതാവിന്റെ മകള്‍ക്കു ജോലി നല്‍കിയെന്നാണ് ആരോപണം.
സി.പി.എം നേതാവായ മുന്‍ എം.എല്‍.എയുടെ സ്വാധീനവും നിയമനത്തിനു പിന്നിലുണ്ടെന്നാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ പറയുന്നത്. ഇതിനു പുറമെ വനിതാ നേതാവിന്റെ അടുത്ത ബന്ധുവിനു പെരിയ സാമൂഹികാരോഗ്യകേന്ദ്രം ഒ.പി വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നല്കിയതും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയുടെ പേരുവരെ നഴ്സിങ് കോളജിലെ നിയമനത്തിനായി പരിഗണിച്ചിരുന്നു. ഇവരെയൊക്കെ തഴഞ്ഞ് വനിതാ നേതാവ് സ്വാധീനം ഉപയോഗിച്ച് മകള്‍ക്കു ജോലി തരപ്പെടുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."