തലവിധി മാറാതെ ചാല
ചാല: നാടിനെ നടുക്കിയ ടാങ്കര്‍ലോറിദുരന്തത്തില്‍ നിന്നും ഒരുപാഠവും പഠിക്കാതെഅധികൃതര്‍. വര്‍ഷങ്ങളായി ചാലയില്‍ അപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയായിട്ടും ഈ പ്രദേശത്തെ അപകടരഹിതമാക്കി മാറ്റാന്‍ നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്് അധികൃതര്‍ അവഗണിക്കുകയാണ്.
ചാലയില്‍ ഗതാഗത പരിഷ്‌കാരം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വാഹനങ്ങളുടെ അമിത വേഗതയാണ് ഇവിടം യാത്രക്കാര്‍ക്ക് പേടിസ്വപ്നമാകാന്‍ കാരണം. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ചെമ്പിലോട് വില്ലേജ് ഓഫിസ്, നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാല ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോയ്യോട്, എടക്കാട് ഭാഗത്തു നിന്നുമുള്ള റോഡുകളും ചാലയിലാണ് എത്തിച്ചേരുന്നത്.
ചക്കരക്കല്‍, തലവില്‍, കോയ്യോട് ഭാഗങ്ങളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോവുന്ന ബസില്‍ യാത്ര ചെയ്യാന്‍ എതിര്‍വശത്തേ നിരവധി യാത്രക്കാരാണ് റോഡ് മുറിച്ച് കടക്കാറുണ്ട്. എന്നാല്‍ ഇവിടെയുള്ള സീബ്രാലൈന്‍ മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായി. നേര്‍ രേഖയിലുള്ള കണ്ണൂര്‍-കുത്തുപറമ്പ് റോഡിലെ സ്വകാര്യ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും അമിതവേഗതയെപ്പറ്റിയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ചാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിനും പരിഹാരമായിട്ടില്ല.
വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്‌റ്റോപ്പില്‍ നിന്നുമാറി ബസുകള്‍ മുന്നോട്ട് നിര്‍ത്തുന്നതും പതിവാണ്.
കവലക്ക് സമീപം കോയ്യോട് ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള്‍ക്ക് കണ്ണൂര്‍ റോഡിലേക്ക് തിരിയുന്ന സ്ഥലത്തെ ഓട്ടോസ്റ്റാന്‍ഡ് അപകട ഭീഷണിയുണ്ടാക്കുകയാണ്.
നൂറു കണക്കിന് ഓട്ടോകളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനും ഇവിടെ സ്ഥലമില്ല. ചാലയുടെ വികസനത്തന് സമഗ്ര നടപടികള്‍ വേണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."