കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍കൂടി; ഭരണം പിടിക്കാനുള്ള ബി.ജെ.പി നീക്കം പൊളിഞ്ഞു
ബംഗളൂരു: കര്‍ണാടക സഖ്യസര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി നീക്കത്തിന് കനത്ത തിരിച്ചടി. വിഘടിച്ച് നിന്ന രണ്ട് എം.എല്‍.എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ വീഴ്ത്താനായിരുന്നു ബി.ജെ.പി അണിയറ നീക്കം നടത്തിയിരുന്നത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ്-ജെ.ഡി.യു നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയാണ് ബി.ജെ.പി നീക്കത്തിന്റെ മുനയൊടിച്ചത്.
ബി.ജെ.പി കണ്ണുവച്ചിരുന്ന രണ്ട് സ്വതന്ത്ര എം.എല്‍.എമാരെ മന്ത്രിമാരാക്കിയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയെ അതിജീവിച്ചത്.
13 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയിരുന്നത്. ഇന്നലെ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരാക്കിയാണ് നിയമിച്ചത്. ഇരുവര്‍ക്കും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇവരും കൂടി അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് 34 മന്ത്രിമാരായി. കോണ്‍ഗ്രസിന് 22ഉം ജെ.ഡി.യുവിന് 12ഉം മന്ത്രിമാരാണ് ഉള്ളത്. നിലവില്‍ മൂന്ന് മന്ത്രിമാരുടെ ഒഴിവാണ് കര്‍ണാടകയില്‍ നികത്താനുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ നിയമിച്ചതോടെ ഇനി ഒരു ഒഴിവ് നികത്താനുണ്ട്. ഇത് ജെ.ഡി.യുവിനാണ് നല്‍കുകയെന്നാണ് വിവരം. ശങ്കര്‍ നേരത്തെ സര്‍ക്കാരില്‍ അംഗമായിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹവും നാഗേഷും ചേര്‍ന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുവെന്നും ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതായും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇവരെ കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പി സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇരുവരെയും തിരികെയെത്തിച്ച് ബി.ജെ.പി നീക്കത്തിന് ശക്തമായ തിരിച്ചടിയാണ് സര്‍ക്കാര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."