ഇന്ത്യയടക്കം ലോക രാജ്യങ്ങള്‍ക്ക് സഊദിയുടെ 512 കോടി ഡോളറിന്റെ സഹായം
ജിദ്ദ: ഇന്ത്യയടക്കം ലോക രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതിക്ക് സഊദിയുടെ 512 കോടി ഡോളറിന്റെ സഹായം. പ്രകൃതി ദുരന്തങ്ങളുണ്ടായ രാജ്യങ്ങളിലും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങളിലും മറ്റു ദരിദ്ര രാജ്യങ്ങളിലുമാണ് 521 കോടി ഡോളറിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ.അബ്ദുല്ല അല്‍റബീഅ അറിയിച്ചു.
സുസ്ഥിര വികസനത്തിലും സമൂഹങ്ങളുടെ വളര്‍ച്ചയിലും പുരോഗതിയിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍ വിദ്യാഭ്യാസ മേഖലക്ക് സഊദി പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. അതേ സമയം ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നത് യെമനിലാണ്. ഇവിടെ 188 കോടി ഡോളര്‍ ചെലവഴിച്ച് 41 പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സിറിയയില്‍ 76.5 കോടി ഡോളര്‍ ചെലവഴിച്ച് പത്തു പദ്ധതികളും നടപ്പാക്കുന്നു. ഇന്തോനേഷ്യയില്‍ 42.8 കോടി ഡോളര്‍ ചെലവഴിച്ച് നാലു പദ്ധതികളും ഗ്വിനിയയില്‍ 34 കോടി ഡോളര്‍ ചെലവഴിച്ച് നാലു പദ്ധതികളും ഈജിപ്തില്‍ 30 കോടി ഡോളര്‍ ചെലവഴിച്ച് രണ്ടു പദ്ധതികളും ചൈനയില്‍ 21.7 കോടി ഡോളര്‍ ചെലവഴിച്ച് രണ്ടു പദ്ധതികളും നടപ്പാക്കുന്നു.
നൈജര്‍, മൊറോക്കൊ, ക്യൂബ, ലെബനോന്‍, മൗറിത്താനിയ, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ശ്രീലങ്ക, വിയറ്റ്‌നാം, മൊസാംബിക്, ഉഗാണ്ട, മലാവി, തുനീഷ്യ, ഛാഢ്, ബെനിന്‍, പാക്കിസ്ഥാന്‍, കാമറൂണ്‍, ഫലസ്തീന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്മര്‍, ഇറാഖ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ പദ്ധതിക്കാണ് സഹായം നല്‍കുന്നത്. ഇതിന് 1,13,000 ഡോളറാണ് ചെലവഴിക്കുന്നതെന്നും ഡോ.അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
സഊദി അറേബ്യ നടപ്പാക്കുന്ന ഇത്തരം വിദ്യാഭ്യാസ പദ്ധതികളുടെ ഗുണം 23,93,097 വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ 132 വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നു. ഇവക്ക് ആകെ 521.2 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. യൂനിസെഫ്, യുനെസ്‌കോ, വേള്‍ഡ് ഫുഡ് പ്രോഗ്രാം അടക്കം ഇരുപത്തിയേഴു പങ്കാളികളുമായി ചേര്‍ന്നാണ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 51 പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികള്‍ക്ക് 242 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. അഭയാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്ന രണ്ടു പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി 227 കോടി ഡോളര്‍ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന രണ്ടു പദ്ധതികള്‍ 13.6 കോടി ഡോളറും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള 33 പദ്ധതികള്‍ 27.7 കോടി ഡോളറും വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്ക് സഹായം നല്‍കുന്ന ആറു പദ്ധതികള്‍ 5.8 കോടി ഡോളറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃസംവിധാനിക്കുന്നതിനുള്ള പത്തു പദ്ധതികള്‍ക്ക് 4.3 കോടി ഡോളറും പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പതിനാലു പദ്ധതികള്‍ 63 ലക്ഷം ഡോളറും ചെലവഴിച്ച് നടപ്പാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിന് അവസരമൊരുക്കുന്നതിനുള്ള പദ്ധതികളും പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികളും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികളും സഊദി അറേബ്യ നടപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."