വേല്‍മുരുകന്‍ മഞ്ചക്കണ്ടി വെടിവയ്പില്‍ രക്ഷപ്പെട്ടയാളെന്ന് സൂചന
പാലക്കാട്: വയനാട്ടിലെ പടിഞ്ഞാറത്തറ മീന്‍മുട്ടി വനമേഖലയില്‍ പൊലിസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് തേനി പെരിയകുളം സ്വദേശി വേല്‍മുരുകന്‍ (32) 2019 ഒക്ടോബറില്‍ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ നടന്ന പൊലിസ് വെടിവയ്പില്‍ രക്ഷപ്പെട്ടയാളെന്ന് സൂചന. കബനീദളത്തിലെ അംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കിയിരുന്ന വ്യക്തിയാണ് വേല്‍മുരുകന്‍.
മഞ്ചക്കണ്ടിയിലെ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്റെ കൂടെ രണ്ടാംദിനവും പ്രദേശത്ത് തമ്പടിച്ചിരുന്ന അഞ്ചംഗ സംഘം മണിവാസകത്തെ പൊലിസ് വളഞ്ഞതോടെ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വെടിവയ്പ് നടന്ന് ഏതാനും നാളുകള്‍ കാട്ടില്‍ തന്നെ കഴിയുകയും പിന്നീട് ആനക്കട്ടി വഴി കാട്ടിലൂടെ തന്നെ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പൊലിസ് ടാസ്‌ക്‌ഫോഴ്‌സിന്റെ മുന്നില്‍ പെട്ടെങ്കിലും വേല്‍മുരുകനും മറ്റൊരാളും രക്ഷപ്പെടുകയുമായിരുന്നു.
എന്നാല്‍ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയും ഒരു സഹായിയേയും തമിഴ്‌നാട് ടാസ്‌ക്‌ഫോഴ്‌സ് പിടികൂടി. അന്ന് ദീപക്കിനെ ചോദ്യംചെയ്ത ഉദ്യോഗസ്ഥനാണ് അന്ന് രക്ഷപ്പെട്ടത് വേല്‍മുരുകനാണെന്ന് സുപ്രഭാതത്തോട് പറഞ്ഞത്. 2015ല്‍ ആനവായ് ഫോറസ്റ്റ് ക്യാംപ് ഷെഡ് ആക്രമിച്ച കേസില്‍ അഗളി പൊലിസ് വേല്‍മുരുകനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."