ഒരുമാസത്തില്‍ കൂടുതല്‍ ഉംറ വിസ നീട്ടി നല്‍കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
ജിദ്ദ: സഊദിയിലെത്തുന്ന വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം തീര്‍ഥാടനങ്ങള്‍ക്കും ബാക്കി പതിനഞ്ച് ദിവസം സഊദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ ഉംറ വിസ നീട്ടി നല്‍കുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പേ തീര്‍ഥാടകര്‍ ഉംറ കമ്പനികള്‍ക്ക് അപേക്ഷ നല്‍കണം. ശേഷം വിസ കാലാവധി നീട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കുള്ള അപേക്ഷ ഹജ്ജ്-ഉംറ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കുകയാണു ചെയ്യുക. രാജ്യത്തേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കുക എന്ന വിഷന്‍ 2030 പദ്ധതി പ്രകാരമാണു പുതിയ നടപടി.
അതേ സമയം വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഈ ഉംറ സീസണ്‍ മുതല്‍ സഊദിയിലെവിടേയും സഞ്ചരിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. നിലവില്‍ ഉംറ സീസണ്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള പ്രക്രിയകള്‍ ഉംറ കമ്പനികളുമായി യോജിച്ച് നടപ്പാക്കുമെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി ഡോ: അബ്ദുല്‍ ഫത്താഹ് അറിയിച്ചു.
നിലവില്‍ മക്ക, മദീന, ജിദ്ദ തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. ആ സ്ഥാനത്താണു രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി. രാജ്യത്തേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കുക എന്ന വിഷന്‍ 2030 പദ്ധതി പ്രകാരമാണു പുതിയ നടപടി. ഇത് സഊദിയുടെ ടൂറിസം മേഖലക്ക് പുറമെ വാണിജ്യ മേഖലക്കും ഗുണകരമാകും എന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."