ബിനീഷിന്റെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍; ഭാര്യ വീട്ടു തടങ്കലിലെന്ന് ആരോപിച്ച് ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരത്തില്‍, റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു
തിരുവനന്തപുരം: ബംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് വിഭാഗം ആരംഭിച്ച റെയ്ഡ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടു. ഉദ്യോഗസ്ഥര്‍ ഇപ്പോഴും ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്.
അതേ സമയം വീടിനു മുന്നില്‍ ബിനീഷിന്റെ ബന്ധുക്കളുടെ കുത്തിയിരിപ്പു സമരം നടക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെ ഭാര്യയേയും രണ്ട് വയസായ കുഞ്ഞിനെയും അമ്മയെയും ഇരുപത്തിനാല് മണിക്കൂര്‍ ആയി അനധികൃത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ഇവരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബിനീഷിന്റെ ഭാര്യ ആരേയും കാണാന്‍ തയ്യാറല്ലെന്ന് ഇ.ഡി പറയുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വീടിനു മുന്നില്‍ നിന്ന് പിരിഞ്ഞുപോവണമെന്നാണ് ആവശ്യം. വീട്ടിനുള്ളില്‍ ഉള്ളവരെ കാണാതെ തിരിച്ചു പോകില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
നാടകീയ രംഗങ്ങള്‍ ആണ് ബിനീഷിന്റെ വീടിന് മുന്നില്‍ നടക്കുന്നത്. ബിനിഷ് കോടിയേരിയുടെ ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 9.30 നു ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. റെയ്ഡില്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും ഇ.ഡി കൊണ്ട് വന്നതാണെന്നും മഹസറില്‍ ഒപ്പ് വെക്കില്ലെന്നും ബിനീഷിന്റെ ഭാര്യ നിലപാട് എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീടില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."