ഇ.ഡിയെ തടഞ്ഞ് പൊലിസ്; കണ്ടെടുത്ത രേഖകളെക്കുറിച്ചറിയില്ല, ഇ.ഡി മാനസികമായി പീഡിപ്പിച്ചു, ആരോപണവുമായി ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ തേടി പൊലിസ്. ഇ.ഡിയുടെ വാഹനം തടഞ്ഞാണ് പൊലിസ് വിശദീകരണം തേടിയത്. പരിശോധനയുടെ പേരില്‍ ഇ.ഡി തടഞ്ഞുവെച്ചെന്ന് ബിനീഷിന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം ഇ.ഡി ഭീഷണിപ്പെടുത്തി പുറത്തുനിന്നുകൊണ്ടുവന്ന ചിലരേഖകളില്‍ ഒപ്പിടുവിക്കാന്‍ ശ്രമിച്ചതായി ബിനീഷിന്റെ ഭാര്യ ആരോപിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു.
ഒപ്പിട്ടില്ലെങ്കില്‍ ബിനിഷ് പുറത്തിറങ്ങില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. അനുപ് മുഹമ്മദിന്റേതെന്നു പറഞ്ഞു കൊണ്ടുവന്ന ബാങ്ക് രേഖ വീട്ടില്‍ നിന്നു കിട്ടിയതല്ല. അവരെവിടെനിന്നോ കൊണ്ടുവരികയായിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ചതാണെങ്കില്‍ അത് കാണിച്ചിട്ട് കാണിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ ഇ.ഡി പരിശോധന അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇതിനുശേഷമാണ് പൊലിസ് ഇവരെ തടഞ്ഞ് വിശദാംശങ്ങള്‍ തേടിയതെന്നാണറിയുന്നത്.
ഇ.ഡിയുടെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടതോടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനുമെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷനെത്തിയത്.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കമ്മിഷന് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബാലാവകാശ കമ്മിഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇ.ഡി അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മിഷന് രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും പുറത്തേക്ക് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."