' എന്തിനാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത്, ഐക്യമുണ്ടാക്കലാണ് ജനങ്ങളെ ഭിന്നിപ്പിക്കല്ല നമ്മുടെ പണി'- യോഗിക്കെതിരെ നിതീഷ് കുമാര്‍
പട്ന: മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോര് ചര്‍ച്ചയാകുന്നു. യോഗിക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ് നിതീഷ് കുമാര്‍.
കഴിഞ്ഞ ദിവസം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യോഗി നടത്തിയ പ്രസ്താവനയാണ് നിതീഷിനെ ചൊടിപ്പിച്ചത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
'ആരാണ് ഇത്തരം അസംബന്ധം പറയുന്നത്? എന്തിനാണ് ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത്? ആരാണ് ആളുകളെ പുറത്താക്കുന്നത്? എല്ലാവരും ഈ രാജ്യത്തെ പൗരന്‍മാരാണ്. ആരെയും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ല'- നിതീഷ് പറഞ്ഞു.
രാജ്യത്തെ സാഹോദര്യവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടതെന്നും അതിനിടെ ഭിന്നതയുണ്ടാക്കാന്‍ നോക്കുകയാണ് ചിലരെന്നും നിതീഷ് പറഞ്ഞു.
सब को साथ ले कर चलना ही हमारा धर्म है। यही हमारी संस्कृति है। सब साथ चलेंगे तो बिहार आगे बढ़ेगा। pic.twitter.com/uEfnVJPiay
— Nitish Kumar (@NitishKumar) November 4, 2020
ജനങ്ങള്‍ക്കിടയില്‍ മതഭിന്നത സൃഷ്ടിക്കാനാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ക്കൊന്നും വേറൊരു പണിയുമില്ലെന്നും നിതീഷ് പറഞ്ഞു. യോഗിയുടെ പേരെടുത്തുപറയാതെയായിരുന്നു നിതീഷിന്റെ വിമര്‍ശനം.
കഴിഞ്ഞദിവസം കത്തിഹാറില്‍ നടന്ന റാലിക്കിടെയായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞുവെന്നാണ് യോഗി പറഞ്ഞത്.
രാജ്യത്തെ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് മോദിജി ഒരു പരിഹാരം കണ്ടിരിക്കുന്നു. അതോടൊപ്പം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. രാജ്യത്തിന്റെ സുരക്ഷ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയേയും പരമാധികാരത്തെയും വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ല- എന്നായിരുന്നു യോഗി പറഞ്ഞത്.
लोकतंत्र के महापर्व में आज कटिहार की सम्मानित जनता से संवाद रूपी सानिध्य प्राप्त हो रहा है... सुनिए मेरा संबोधन... https://t.co/JjDDMUd7rQ
— Yogi Adityanath (@myogiadityanath) November 4, 2020
നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിതീഷ് രംഗത്തെത്തിയിരുന്നു. എന്‍.ആര്‍.സി നിയമങ്ങള്‍ അസമില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിതീഷ് പറഞ്ഞിരുന്നു.
അതോടൊപ്പം ജമ്മുകശ്മീരിന്റെ പ്രത്യേകപദവിയെടുത്തു മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും നിതീഷ് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമഭേദഗതിയെ അംഗീകരിക്കുന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."