അധികാരം ലക്ഷ്യമാക്കി വീണ്ടും തീക്കളി
നരേന്ദ്രമോദി സര്‍ക്കാര്‍ നേരിടുന്ന കടുത്ത ജനരോഷം മറികടന്ന് അധികാരത്തുടര്‍ച്ചയുണ്ടാക്കാന്‍ വീണ്ടുമൊരു തീക്കളിക്കൊരുങ്ങുകയാണ് ബി.ജെ.പി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് അയോധ്യാ വിഷയം വീണ്ടും ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണവര്‍. ഭരണനേട്ടം പറഞ്ഞു വോട്ടുപിടിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അപകടകരമായ ഈ കുറുക്കുവഴി വീണ്ടും സ്വീകരിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ബി.ജെ.പി നേരിട്ട് ഈ വിഷയം ഉയര്‍ത്താതെ മറ്റു സംഘ്പരിവാര്‍ സംഘടനകളെ ഉപയോഗിച്ചു വിഷയം കുത്തിപ്പൊക്കി ജ്വലിപ്പിച്ചു നിര്‍ത്താനുള്ള നീക്കത്തിലാണ്.
ബി.ജെ.പിയുടെ മുന്‍ എം.പിയും രാമജന്മഭൂമി ന്യാസ് അധ്യക്ഷനുമായ രാംവിലാസ് വേദാന്തി, മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദേ തുടങ്ങിയവര്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകള്‍ ഈ നീക്കത്തിന്റെ വ്യക്തമായ സൂചനയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ ബാബരി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് ഇവരൊക്കെ പറയുന്നത്. അതിനുള്ള തടസ്സം നീക്കാന്‍ പ്രധാനമന്ത്രിയോടു വി.എച്ച്.പി ആവശ്യപ്പെട്ടിട്ടുമുണ്ട്.
കടുത്ത ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടു പോകുന്ന മോദി സര്‍ക്കാരിനുള്ള ജനപിന്തുണ ദിനംപ്രതി ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്നു മറ്റാരേക്കാള്‍ അറിയാവുന്നതു ബി.ജെ.പി നേതാക്കള്‍ക്കാണ്. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഏകമാര്‍ഗം വര്‍ഗീയവികാരം ജ്വലിപ്പിക്കലാണ്. അതിനുള്ള തുടക്കം തന്നയാണ് ഈ നീക്കം.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ തീര്‍പ്പാകുന്നതിനു മുന്‍പാണു സംഘ്പരിവാര്‍ അവിടെ ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി സുപ്രിം കോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. വിധി അനുകൂലമായില്ലെങ്കിലും ക്ഷേത്രം പണിയുമെന്ന സന്ദേശം ഈ പ്രസ്താവനകളിലുണ്ട്. കോടതി ഉത്തരവുകളൊന്നും തങ്ങള്‍ വകവയ്ക്കുകയില്ലെന്നു നേരത്തെ തന്നെ തെളിയിച്ച പ്രസ്ഥാനമാണു സംഘ്പരിവാര്‍.
നിയമവ്യവസ്ഥയെപ്പോലും അവഗണിച്ചുള്ള ഈ നീക്കം രാജ്യത്തു വര്‍ഗീയ പ്രകോപനങ്ങള്‍ക്കും അശാന്തിക്കും ഇടയാക്കുമെന്നുറപ്പ്. സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നതും അതുതന്നെ. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവില്‍ നിന്നു വോട്ടു കൊയ്‌തെടുക്കാമെന്നാണവര്‍ പ്രതീക്ഷിക്കുന്നത്. ബി.ജെ.പി ശീലിച്ച രാഷ്ട്രീയതന്ത്രമാണതെന്ന് എല്ലാവര്‍ക്കുമറിയാം.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നു രാജ്യമെങ്ങും ആളിപ്പടര്‍ന്ന വര്‍ഗീയകലാപത്തിലൂടെ സൃഷ്ടിച്ചെടുത്ത ചേരിതിരിവ് ഉപയോഗപ്പെടുത്തിയാണു ബി.ജെ.പി ആദ്യമായി രാജ്യത്ത് അധികാരത്തില്‍ വന്നത്. ഗുജറാത്തില്‍ അവര്‍ അധികാരമുറപ്പിച്ചതും അതിക്രൂരമായ ഒരു വര്‍ഗീയ കലാപത്തിലൂടെയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല ഘട്ടങ്ങളിലായി ഇങ്ങനെ വോട്ടുലക്ഷ്യത്തോടെ സംഘ്പരിവാര്‍ കലാപം സൃഷ്ടിച്ചിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പി തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരുന്നു ഹിന്ദുത്വ സംഘടനകളെ അരങ്ങില്‍വിട്ട് ആടിക്കുന്ന തന്ത്രം പയറ്റുകയാണ്. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു നേതാക്കള്‍ പറഞ്ഞത്. പാര്‍ട്ടിയുടെ അജന്‍ഡയല്ലെന്ന വ്യാജേന ഈ വിഷയം സജീവമാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു വ്യക്തം. ഹിന്ദുത്വസംഘടനകളെക്കൊണ്ട് ഈ വിഷയം ഉന്നയിപ്പിച്ചാല്‍ അത് ഹിന്ദുക്കളുടെ മൊത്തം ആവശ്യമാണെന്നു വ്യാഖ്യാനിക്കാം. അപകടകരമായ ഈ നീക്കം കൈവിട്ടുപോയാല്‍ ഉത്തരവാദിത്വത്തില്‍നിന്നു ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാനുമാകും.
രാജ്യത്തെ വീണ്ടും വര്‍ഗീയകലാപങ്ങളിലേക്കു തള്ളിവിട്ടേക്കാവുന്ന ഈ നീക്കം സമാധാനകാംക്ഷികളില്‍ കടുത്ത ആശങ്കയാണു സൃഷ്ടിക്കുന്നത്. വോട്ടിനുവേണ്ടി എന്ത് നീചപ്രവൃത്തിക്കും മടിക്കാത്ത ബി.ജെ.പി നേതാക്കള്‍ ജനങ്ങളുടെ ജീവന്‍ കൈയിലെടുത്തു കളിക്കാനാണു പുറപ്പെടുന്നത്. കേന്ദ്രത്തിലെയും യു.പിയിലെയും സര്‍ക്കാരുകളില്‍ നിന്ന് അതിനവര്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കുമെന്നുറപ്പാണ്. രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യം വീണ്ടും കലാപഭൂമിയാവുന്നതു തടയാന്‍ ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്തെ മതേതര വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."