റാഗിങ്ങിനിരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
വടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ റാഗിങ്ങിനിരയായി തോടന്നൂരിലെ അസ്നാസ് എന്ന കുട്ടി മരിച്ച സംഭവത്തില്‍ റാഗ്ചെയ്തെന്ന് പറയപ്പെടുന്ന ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരത്തോടെ വടകര സര്‍ക്കിള്‍ ഒഫിസില്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച അസ്നാസിന്റെ സഹപാഠികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താനക്കോട്ടൂര്‍, വടകര താഴെ അങ്ങാടി, കുനിങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആണ്‍കുട്ടികള്‍. വില്ല്യാപ്പള്ളി സ്വദേശികളായ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ കരിയാടുനിന്നുള്ള ഒരു കുട്ടിയുമാണ് പിടിയിലായ വിദ്യാര്‍ഥിനികള്‍. ഇവര്‍ ആറുപേരും കോളജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്.
വൈദ്യപരിശോധനയ്ക്കുശേഷം ആറുപേരെയും മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 306 ആത്മഹത്യാ പ്രേരണ, റാഗിങ്ങ് നിരോധനനിയമം എന്നീ വകുപ്പുകളില്‍ പ്രതിചേര്‍ത്താണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."