കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. 14 എം.എല്‍.എമാരോടൊപ്പം രാജ്ഭവനിലെത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറാണ് ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹക്ക് നിവേദനം നല്‍കിയത്.
ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസിനു കഴിയും. മറ്റു പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിടരുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷം ആകുന്നതിന് മുന്‍പ് പുതിയൊരു തെരഞ്ഞെടുപ്പിനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും കാവ്ലേക്കര് പറഞ്ഞു.
പരീക്കറുടെ അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തില്‍നിന്ന് പദവി മാറ്റുന്നതിനെ കുറിച്ച് ബി.ജെ.പി ആലോചിക്കുകയും പദവി തങ്ങള്‍ക്കു വേണമെന്ന് ഭരണകക്ഷിയായ എം.ജി.പി ആവശ്യമുന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.
കര്‍ണാടകയില്‍ സുപ്രിംകോടതി വരെ എത്തിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് അപ്രതീക്ഷിത നീക്കത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."