ഇന്ന് കോപ നിറയും
സാവോപോളോ: ഇന്ന് മുതല്‍ ഒരുമാസക്കാലം കോപയില്‍ ഫുട്ബോള്‍ ആവേശത്തിന്റെ നുരയും പതയും. രാവിലെ ആറിന് ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ കോപ അമേരിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിലാണ് ബ്രസീലും ബൊളീവിയും തമ്മില്‍ ഏറ്റുമുട്ടുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ വെനിസ്വേലയും പെറുവും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. പുലര്‍ച്ചെ 3.30ന് നടക്കുന്ന മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീനയും ജെയിംസ് റോഡ്രിഗ്രസിന്റെ കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും.
സൂപ്പര്‍ താരമില്ലാതെ ആതിഥേയര്‍
സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ആതിഥേയരായ ബ്രസീല്‍ ഇറങ്ങുന്നത്. ഖത്തറുമായുള്ള സന്നാഹ മത്സരത്തിനിടെ പരുക്കേറ്റ താരം ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുകയായിരുന്നു. നെയ്മര്‍ പിന്മാറിയതോടെ ഒരു തലയെടുപ്പുള്ള താരമില്ലെന്ന ദുഃഖത്തിലാണ് ബ്രസീല്‍. എന്നാലും എല്ലാ പൊസിഷനിലും കളിക്കുന്ന പ്രതിഭകളായ താരങ്ങളുള്ളത് ബ്രസീലിന്റെ കരുത്ത് തന്നെയാണ്. നെയ്മറിന്റെ അഭാവത്തില്‍ കൂട്ടീഞ്ഞോ ആയിരിക്കും ബ്രസീലിന്റെ സൂപ്പര്‍ താരമായി അറിയിപ്പെടുക. ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ നെരസ് അത്ഭുതം കാണിക്കുന്നത് കാത്തിരിക്കുകയാണ് ബ്രസീല്‍ ഫുട്ബോള്‍ ആരാധകര്‍. മാഞ്ചസ്റ്റര്‍ സിറ്റി താരം ജീസസും ലിവര്‍പൂള്‍ താരം ഫിര്‍മീഞ്ഞോയും കൂടുന്നതോടെ ബ്രസീലിന് ഇനി മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ടെന്ന വിശ്വാസത്തിലാണ്. ഏറ്റവും മികച്ച രീതിയിലാണ് ടീമിനെ ഒരുക്കിയിട്ടുള്ളതെന്ന് ടിറ്റെ പറഞ്ഞു.
മെസ്സിക്ക് ലാസ്റ്റ് ചാന്‍സ്
രാജ്യത്തിനായി കോപ അമേരിക്ക കിരീടം നേടിക്കൊടുക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ലാസ്റ്റ് ചാന്‍സ്. കഴിഞ്ഞ രണ്ട് തവണയും ഭാഗ്യത്തിനും ചുണ്ടിനുമിടയില്നിന്ന് നഷ്ടപ്പെട്ട കിരീടം ഇത്തവണയെങ്കിലും നേടിക്കൊടുത്ത് പഴയ ദുഃഖം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും.
കൊളംബിയ, ഖത്തര്‍, പരാഗ്വെ എന്നിവരടങ്ങുന്ന മരണ ഗ്രൂപ്പിലാണ് അര്‍ജന്റീനയുള്ളത്. ഇതില്‍ നിന്ന് രണ്ടാം റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ അര്‍ജന്റീന അല്പം കഷ്ടപ്പെടേണ്ടി വരും. അവസാന കിരീടത്തിനായി ജീവന് കൊടുത്തും പോരാടാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും. സിറ്റി താരം അഗ്യൂറോ, പി.എസ്.ജി താരം ഡി മരിയ എന്നിവരും കരുത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."