വിജയ റൂട്ട്
സതാംപ്ടണ്‍: റണ്‍മഴ പിറക്കുമെന്നു കരുതിയ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ആധികാരിക വിജയം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം തെറ്റിയില്ല. മൂന്നാം ഓവറിലെ അവസാന പന്തില്‍ എവിന്‍ ലൂയിസിനെ യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി ക്രിസ് വോക്‌സ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഒരു ഘട്ടത്തില്‍ ക്രിസ് ഗെയ്ല്‍ കളി തന്റെ വരുതിയിലാക്കുമെന്നു തോന്നിച്ചെങ്കിലും ഗെയ്‌ലിനെ ലിയാം പ്ലങ്കറ്റ് ബൈര്‍സ്റ്റോയുടെ കൈയിലെത്തിച്ചു. ഗെയ്‌ലിനു പിന്നാലെ ഷായ് ഹോപിനെ പുറത്താക്കി ആര്‍ച്ചര്‍ വെസ്റ്റ് ഇന്‍ഡീസിന് ഇരട്ട പ്രഹരമേല്‍പിച്ചു. മൂന്നിന് 55 എന്ന നിലയിലായിരുന്ന വെസ്റ്റ് ഇന്‍ഡീസിന് നിക്കോളസ് പൂരനും ഷിംറോണ്‍ ഫെറ്റ്‌മെയറും തമ്മിലള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്, പൂരന്‍ 63 ഉം ഫെറ്റ്‌മെയര്‍ 39 ഉം റണ്‍സ് നേടി. ഇരുവരും മടങ്ങിയതിനു ശേഷം പൊടുന്നനെ കൂപ്പു കുത്തുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. 5ന് 156 എന്ന സ്‌കോറില്‍നിന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവരുടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തില്‍ ക്രിസ് ഗെയ്‌ലിനെ കൈവിട്ടതിന്റെ പ്രായശ്ചിത്തം റസ്സലിന്റെ ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയാണ് മാര്‍ക് വുഡ് തീര്‍ത്തത്. മാര്‍ക് വുഡിനൊപ്പം ജോഫ്രാ ആര്‍ച്ചറും 3-30 ചേര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ പതനം പൂര്‍ത്തിയായി. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
റൂട്ട് ഷോ
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ജോ റൂട്ട്. ജോ റൂട്ടിന് ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി.ഈ ലോകകപ്പ് തന്റേതാക്കി മാറ്റുകയാണ് ജോ റൂട്ട്. ബാറ്റിങിലെ മികച്ച ഫോമുകൊണ്ടു മാത്രമല്ല ബോളുകൊണ്ടും തിളങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ റൂട്ട്. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടേയും ഹെറ്റ്‌മെയറുടെയും വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയ റൂട്ട് മറുപടി ബാറ്റിങ്ങില്‍ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിച്ചു. ജേസണ്‍ റോയിക്കു പകരം ഓപ്പണറുടെ റോളിലെത്തിയ റൂട്ട് ബൈര്‍സ്‌റ്റോയോടൊത്ത് മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് 95ല്‍ നില്‍ക്കെ ബൈര്‍സ്‌റ്റോ പുറത്തായെങ്കിലും ക്രിസ് വോക്‌സിനെ കൂട്ടു പിടിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ റൂട്ട് വിജയം എത്തിപ്പിടിക്കുകയായിരുന്നു. 11 ഫോറുകളുടെ അകമ്പടിയോടെ 94 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് റൂട്ട് നേടിയത്. നേരത്തെ പാകിസ്താനെതിരേയും റൂട്ട് സെഞ്ചുറി നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."