പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: ആര്‍.ഡി.എസ് കമ്പനി ചിന്നക്കനാലിലെ ഭൂമി കൈയേറ്റത്തിലും പ്രതി
ബാസിത് ഹസന്‍
തൊടുപുഴ: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ ഉള്‍പ്പെട്ട ആര്‍.ഡി.എസ് പ്രൊജക്ട്‌സ് എന്ന കമ്പനി മൂന്നാര്‍ ചിന്നക്കനാലിലെ ഭൂമി കൈയേറ്റത്തിലും പ്രതി.
വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ചിന്നക്കനാലില്‍ മൂന്നര ഏക്കറോളം റവന്യൂ ഭൂമി കൈവശപ്പെടുത്തിയത്. മുംബൈയിലെ അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി പന്ത്രണ്ടര ഏക്കര്‍ കൈയേറിയതിന് സമാനമായ നടപടിയാണ് ആര്‍.ടി.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
17 വര്‍ഷം മുന്‍പ് കുമളി-പൂപ്പാറ റോഡ് നിര്‍മാണത്തിനായി മൂന്നാര്‍ മേഖലയില്‍ എത്തിയപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജപട്ടയം ചമച്ച് ആര്‍.ഡി.എസ് കമ്പനി കൈവശപ്പെടുത്തുന്നത്. വ്യാജപട്ടയം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടും ഭൂമി തിരിച്ചുപിടിക്കാതെ കമ്പനിക്ക് റവന്യൂ വകുപ്പ് ഒത്താശ ചെയ്യുകയായിരുന്നു.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു. ഭൂമി ലഭിക്കണമെന്ന ആവശ്യവുമായി സി.പി.ഐ പിന്തുണയോടെ തോട്ടം തൊഴിലാളികള്‍ കുടില്‍കെട്ടി സമരം നടത്തുന്നത് ഇവിടെയാണ്. ഇതിനേതുടര്‍ന്നാണ് ഈ കൈയേറ്റവും പുറത്തുവരുന്നത്. ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് മൂന്നാര്‍ ഓപറേഷന്‍ കാലത്ത് സ്‌പെഷല്‍ ഓഫിസര്‍ കെ. സുരേഷ്‌കുമാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ തുടരുന്നത്.
വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, എവര്‍ഗ്രീന്‍, ഷണ്‍മുഖവിലാസം, ലേക്ക് വ്യൂ എസ്റ്റേറ്റ്, ഹില്‍ വ്യൂ എസ്റ്റേറ്റ്, മേരിലാന്‍ഡ് എസ്റ്റേറ്റ്, റോക്ക് ലാന്‍ഡ് എസ്റ്റേറ്റ്, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ലാന്‍ഡ് എസ്റ്റേറ്റ്, ഗ്രീന്‍ ജംഗിള്‍, പനോരമിക്, ആഴി എന്നീ റിസോര്‍ട്ടുകളും സ്‌കൈ ജ്വലറിയും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇവിടെ അനധികൃത ഭൂമിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. വെള്ളൂക്കുന്നേല്‍ കുടുംബം മാത്രം 127 ഹെക്ടര്‍ ഭൂമിയാണ് കൈവശംവച്ചിരിക്കുന്നത്.
കരാറുകാരന്റെ ഓഫിസിലും വീട്ടിലും റെയ്ഡ്
കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരാറുകാരന്റെ ഓഫിസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്ട്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജ്യനല്‍ ഓഫിസിലും മാനേജിങ് ഡയരക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട് പടമുകളുള്ള ഫ്‌ളാറ്റിലുമാണ് ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്.
എറണാകുളം വിജിലന്‍സ് റെയ്ഞ്ച് എസ്.പി ഹിമേന്ദ്രനാഥിന്റെയും എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി അശോക് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഭൂമി കൈയേറ്റം: അന്വേഷണത്തിന് പ്രത്യേക സംഘം
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയിലെ മുഴുവന്‍ കൈയേറ്റങ്ങളും അന്വേഷിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇതിനായി ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിങ്കളാഴ്ച മുതല്‍ അന്വേഷണം ആരംഭിക്കും.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഭൂമിയുടെ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകും. ഇതിനായി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."