പച്ചത്തേങ്ങ, കൊപ്ര സംഭരണം പുനരാരംഭിക്കും
തിരുവനന്തപുരം: പച്ചത്തേങ്ങ, കൊപ്ര സംഭരണം പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.
കേരഫെഡിന്റെ കീഴിലുള്ള സൊസൈറ്റികളിലൂടെ കൃഷി ഭവനുകളുടെ പരിധിയില്‍വരുന്ന സംഘങ്ങള്‍ വഴിയാണ് സംഭരണം. നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപക്ക് തന്നെ കേരഫെഡ്, നാളികേരവികസന കോര്‍പറേഷന്‍ എന്നിവ മുഖേന കൊപ്ര സംഭരിക്കും. പച്ചത്തേങ്ങയുടെ സംഭരണവില 27 രൂപയായി വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തവണത്തെ പച്ചത്തേങ്ങ സംഭരണം 26ന് മുന്‍പ് ആരംഭിക്കും.
സംസ്ഥാനത്ത് തെങ്ങുകൃഷി വ്യാപനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 22ന് കോഴിക്കോട്ട് നിര്‍വഹിക്കും. 2019 മുതല്‍ 2029 വരെയുള്ള കാലയളവില്‍ രണ്ടുകോടി തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ 500 പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും 75 തെങ്ങിന്‍തൈകള്‍ വീതം സൗജന്യ നിരക്കില്‍ വച്ചുപിടിപ്പിക്കും. തെങ്ങിന്‍ തൈയുടെ വിലയുടെ 50 ശതമാനം കര്‍ഷകര്‍ അടച്ചാല്‍ മതി. നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സി.പി.സി.ആര്‍.ഐ, കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പിന്റെ ഫാമുകള്‍ എന്നിവ മുഖേന തൈ ഉല്‍പാദനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 60 ശതമാനം നാടന്‍ തെങ്ങുകള്‍, 20 ശതമാനം പൊക്കം കുറഞ്ഞവ, 20 ശതമാനം ഹൈബ്രീഡ് എന്ന അനുപാതത്തിലാകും തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കുക.
തൃശൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ കോള്‍പാടങ്ങളിലെ ബണ്ടുകളില്‍ 25,000 തെങ്ങിന്‍ തൈകള്‍ മാതൃകാ തോട്ടമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ നടും. വച്ചുപിടിപ്പിക്കുന്ന തെങ്ങുകള്‍ പരിപാലിക്കുന്നതിന് നാളികേര വികസന കൗണ്‍സില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."