പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിച്ചെന്ന ആരോപണം: മറുപടി പറയാതെ മന്ത്രി ജലീല്‍
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കേരള സര്‍ വകലാശാലയുടെ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകള്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തിന് മറുപടി പറയാതെ മന്ത്രി കെ.ടി ജലീല്‍.
ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ഷറഫുദ്ദീനും ദിലീപും കൊല്ലത്തെയും തിരുവനന്തപുരത്തെയും പരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകളില്‍ സന്ദര്‍ശിച്ചതിലെ ദുരൂഹത നീക്കണമെന്ന് പി.ടി തോമസാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. 2019ലെ കേരള യൂനിവേഴ്‌സിറ്റി (ഭേദഗതി) ബില്ലിന്റെ അവതരണ വേളയിലാണ് പി.ടി തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൈസ് ചാന്‍സിലര്‍ പോലും പരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരുടെ സന്ദര്‍ശനം ദുരൂഹത നിറഞ്ഞതാണെന്ന് പി.ടി തോമസ് പറഞ്ഞു.
യു.ഡി.എഫ് അനുകൂല സംഘടനയിലെ അംഗമെന്ന ഒറ്റക്കാരണത്താലാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്തിനെതിരേ നടപടിയെടുത്തത്. സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍വിസില്‍ തിരിച്ചെടുത്തില്ലെന്നും പി.ടി തോമസ് പറഞ്ഞു.
പരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകളില്‍ അധ്യാപകര്‍ കൃത്യമായി വരാറില്ലെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. ക്യാംപുകളില്‍ പങ്കെടുക്കാത്ത അധ്യാപകരെ അടുത്ത മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും തന്റെ ഓഫിസിലെ ജീവനക്കാര്‍ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."