ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍
കഞ്ചിക്കോട്: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ എത്ര പേര്‍ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പാലക്കാട് ജില്ലയിലെ അധികൃതര്‍ക്കില്ല. തൊഴില്‍വകുപ്പിനു ഒരു കണക്കും പൊലിസിനു മറ്റൊന്നുമാണ്. തൊഴില്‍വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 3,956 പേര്‍ മാത്രമാണ് ഇതരസംസ്ഥാനക്കാര്‍. വ്യവസായമേഖലയായ കഞ്ചിക്കോട്ടുനിന്ന് പൊലിസിന്റെ കൈവശമെത്തിയ കണക്കുപ്രകാരം 2423 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളായുണ്ട്.
വ്യവസായവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 8,060 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗ് ആധാര്‍ പ്രകാരം 6,520 ഉം ഐ.എം. പാത്ത് വഴി 1,540 ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഞ്ചിക്കോട് വ്യവസായമേഖലയില്‍ മാത്രം 246 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 59 സ്ഥാപനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും. കഞ്ചിക്കോട് വ്യവസായമേഖലയിലെ 67 കമ്പനികളില്‍ നിന്നുമാത്രമാണ് ഇതുവരെയായി തൊഴിലാളികളുടെ കണക്ക് നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ജില്ലയില്‍ ആകെയുള്ള 8,060 കമ്പനികളില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി വീതം എന്ന തരത്തില്‍ കണക്കെടുത്താല്‍ പോലും 3,956 എന്ന കണക്ക് യോജിക്കില്ല. വിവിധ സ്റ്റേഷനുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതരസംസ്ഥാനക്കാരുടെ വിവരം രേഖപ്പെടുത്തണമെന്ന് അറിയിപ്പു നല്‍കിയതാണ്.
അതത് സ്ഥാപന ഉടമകള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരം നല്‍കാനാണ് കളക്ടറുടെ നേതൃത്വത്തില്‍ 2016 ല്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്. മുമ്പ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധന പ്രകാരം 25 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇത് വര്‍ധിക്കാനേ ഇടയുള്ളൂ. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ജില്ലകളിലൊന്ന് പാലക്കാടാണ്.
ഇതരസംസ്ഥാന തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ അധികൃതരുടെ പരിശോധന വല്ലപ്പോഴും മാത്രമാണ്. മിക്ക തൊഴിലാളികളും ചെറിയ കാലയളവില്‍ ജോലിചെയ്ത് മാറിപ്പോകുമെന്നതാണ് കണക്കെടുക്കാതിരിക്കാന്‍ ഇവര്‍ പറയുന്ന ന്യായം. വൃത്തിഹീനമായ ചുറ്റുപാടിലാണ് തൊഴിലാളികളുടെ താമസം. വ്യവസായ മേഖലകളിലല്ലാതെയും ഇതരസംസ്ഥാന തൊഴിലാളികളുണ്ട്.
ചൂളകളിലും മറ്റും ഇപ്പോള്‍ പുറംനാടുകളില്‍ നിന്നുള്ളവരാണ് ജോലിചെയ്യുന്നത്. ചൂളകളില്‍ തൊഴിലെടുക്കുന്നവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തത് ഏറെ പ്രശ്‌നമുണ്ടാക്കും. ചൂളകള്‍ തന്നെ അനധികൃതമായാണ് പ്രവര്‍ത്തനം.
മുതലമട, പട്ടഞ്ചേരി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൂളകളില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. മാവോവാദി സാന്നിധ്യത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്ന സ്ഥലങ്ങളാണ് മുതലമട, പറമ്പിക്കുളം, നെല്ലിയാമ്പതി മുതലായവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."