എയര്‍ഇന്ത്യയുടെ യാത്രാവിമാനം 20ന് കണ്ണൂരിലിറങ്ങും
കണ്ണൂര്‍: വിമാന സര്‍വിസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള എയര്‍ഇന്ത്യയുടെ വലിയ യാത്രാവിമാനം 20ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങും. 200 പേരെ കയറ്റാവുന്ന യാത്രാവിമാനമാണ് റണ്‍വേയില്‍ ഇറക്കി പരിശോധിക്കുക. ഇതാദ്യമായാണ് വാണിജ്യ സര്‍വിസ് തുടങ്ങുന്നതിന് മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനം ഇറങ്ങുന്നത്. 2016 ഫെബ്രുവരി 28ന് പരീക്ഷണ പറക്കലിന്റെ ഭാഗമായി വായുസേനയുടെ കോഡ് 2ബി വിമാനമാണ് ആദ്യം വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. പ്രളയത്തിനിടെ ചെളി രൂപപ്പെട്ട പഴശ്ശി അണക്കെട്ട് ശുചീകരിക്കാന്‍ നാവികസേനയുടെ മുങ്ങല്‍വിദഗ്ധരുമായി ചെറുവിമാനവും രണ്ടുതവണ കണ്ണൂരില്‍ ഇറങ്ങിയിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഐ.എല്‍.എസ് കാലിബ്രേഷന്‍ പരിശോധനയുടെ ഭാഗമായുള്ള ചെറുവിമാനവും കഴിഞ്ഞമാസം അവസാനം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതുവരെ ചെറുവിമാനമായ ഡോണിയറാണ് ഇറങ്ങിയിരുന്നത്.
അതേസമയം ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അന്തിമ പരിശോധന ഇന്നും നാളെയുമായി വിമാനത്താവളത്തില്‍ നടക്കും. ഇതിനായി ഡി.ജി.സി.എ അസിസ്റ്റന്റ് ഡയരക്ടര്‍ വിജയകുമാര്‍, ദക്ഷിണമേഖലാ ജോയിന്റ് ഡയരക്ടര്‍ സന്താനം എന്നിവര്‍ ഇന്നലെ വിമാനത്താവളത്തിലെത്തി. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) അധികൃതരുമായും സംഘം ചര്‍ച്ച നടത്തി. അന്തിമ പരിശോധനയുടെ ഭാഗമായി വിമാനത്താവളത്തിലെ പ്രവൃത്തികള്‍ മുഴുവന്‍ വിലയിരുത്തുന്ന സംഘം ഏയ്‌റോഡ്രോം സുരക്ഷയും ഡി.ജി.സി.എ-ഐ.സി.എ.ഒ നിര്‍ദേശിക്കുന്ന മാനദണ്ഡം പാലിച്ചോയെന്നും വിലയിരുത്തും.
ഒക്ടോബര്‍ അവസാനവാരം വിമാനത്താവളം ഉദ്ഘാടനം നടത്താനും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വിസ് നടത്താനുമാണ് കിയാല്‍ ഡയരക്ടര്‍ ബോര്‍ഡ് തീരുമാനം. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ വിമാനങ്ങളാണ് തുടക്കത്തില്‍ സര്‍വിസ് നടത്തുക. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."