കോളനികളില്‍ അപ്രതീക്ഷിത അതിഥിയായി ഡോ. കഫീല്‍ ഖാന്‍
പനമരം: പരക്കുനി പൊയില്‍ കോളനിയില്‍ ഇന്നലെ ഒരു അപ്രതീക്ഷിത അതിഥിയെത്തി.
വന്നത് ഡോക്ടര്‍ ആണെന്ന് മാത്രം കോളനിക്കാര്‍ക്ക് മനസിലായി. ഉത്തരപ്രദേശ് ഗോരഖ് പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. ഖഫീല്‍ ഖാനായിരുന്നു ഇന്നലെ ജില്ലയിലെത്തിയ ഈ അപ്രതീക്ഷിത അതിഥി.
ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച അദ്ദേഹം കോളനികളിലെത്തി കുട്ടികളെ പരിശോധിച്ചു മരുന്നുകളും നിര്‍ദേശിച്ചാണ് മടങ്ങിയത്. വെണ്ണിയോട്ടെ കൊളവയല്‍ കോളനിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കോളനികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. പ്രളയം വലിയ ദുരന്തം വിതച്ച കോളനികളാണ് പരക്കുനിയും കൊളവയലും. ഇവിടെ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവും സങ്കടകരമായ വസ്തുത ഈ കോളനികളില്‍ നല്ല കക്കൂസുകളോ, കുടിവെള്ള സൗകര്യങ്ങളോ ഇല്ലാത്തതാണ്. ഇത് പരിഹരിക്കാന്‍ ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോളനികളില്‍ വില്ലനാകുന്നത് പുകയില ഉല്‍പ്പന്നങ്ങളും, വെറ്റില മുറുക്കും മദ്യപാനവുമാണ്. കുട്ടികളില്‍ പോഷകാഹാരക്കുറവ് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കിയതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സഹോദരന്‍ സഫര്‍ഖാനോടൊപ്പം കേരളത്തിലെത്തിയ അദ്ദേഹം നാല് ദിവസത്തോളം വിവിധ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പരക്കുനി കോളനി സന്ദര്‍ശിച്ച അദ്ദേഹത്തോടൊപ്പം ഡോ. ഹാഷിം, അഭിലാഷ്, മമ്മൂട്ടി അഞ്ചുകുന്ന്, മൃദുല ഭവാനി, ജസീര്‍ കടന്നോളി, മഹറൂഫ് കടന്നോളി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."