സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ധൂര്‍ത്ത്
തിരുവനന്തപുരം: സര്‍ക്കാരിന്റെയും ധന വകുപ്പിന്റെയും അനുമതിയില്ലാതെ 50 ലക്ഷം ധൂര്‍ത്തടിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും സെക്രട്ടറിക്കും സഞ്ചരിക്കാന്‍ പുതിയ രണ്ട് കാറുകള്‍ വാങ്ങി. ഇന്നോവ ക്രിസ്റ്റല്‍ എഡിഷന്‍ കാറുകളാണ് വാങ്ങിയത്. നിലവില്‍ പ്രസിഡന്റും സെക്രട്ടറിയും ഉപയോഗിക്കുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നിരിക്കേയാണ് പുതിയ കാറുകള്‍ വാങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള നീന്തല്‍കുളത്തിലെയും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെയും വരുമാനത്തില്‍ നിന്നുമാണ് പണം നിയമവിരുദ്ധമായി വകമാറ്റിയത്.
ഈ തുക നീന്തല്‍കുളത്തിന്റെയും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെയും അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനും മാത്രമേ ചെലവഴിക്കാവൂ എന്നിരിക്കേയാണ് കാറുകള്‍ വാങ്ങാന്‍ പണം വകമാറ്റിയത്. പ്രസിഡന്റിനായി എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള ഇന്നോവയാണ് വാങ്ങിയത്. ഇതിന് 25 ലക്ഷത്തിനടുത്താണ് വില. സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള കാറിനും 23 ലക്ഷത്തിനടുത്ത് വിലവരും. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രം വാഹനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങണമെങ്കില്‍ ധന വകുപ്പിന്റെ അനുമതി വേണം. കൂടാതെ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ലഭിക്കണം. നിലവില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ല. സര്‍ക്കാരിനെയും ധന വകുപ്പിനെയും കബളിപ്പിച്ചാണ് പുതിയ ആഡംബര വാഹനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാങ്ങിയത്. തനത് ഫണ്ട് വകമാറ്റി പുതിയ കാറുകള്‍ വാങ്ങാനുള്ള നീക്കം ധന വകുപ്പ് എതിര്‍ക്കുമെന്ന് ഉറപ്പായതിനാലാണ് ഒരു അനുമതിയും തേടാതെയുള്ള നടപടി. നിലവില്‍ രണ്ട് ഡ്രൈവര്‍മാര്‍ മാത്രമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉള്ളത്. പുതിയ രണ്ട് കാറുകള്‍ കൂടി എത്തിയതോടെ വാഹനങ്ങളുടെ എണ്ണം നാലായി. ഇതോടെ നിലവിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് ഡ്രൈവര്‍മാരില്ലാതായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് തനത് ഫണ്ട് നിയമവിരുദ്ധമായി ചെലവഴിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങിയത്.
പുതിയ ആഡംബര വാഹനങ്ങള്‍ എത്തിയതോടെ പ്രസിഡന്റും സെക്രട്ടറിയും ഉപേക്ഷിച്ച കാറുകള്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ ഉപയോഗിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."