പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കി; കാനത്തിനെതിരേ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം : കാനം രാജേന്ദ്രനെതിരേ ഇന്നലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. കാനം പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കിയെന്നും സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന കാനം ഇപ്പോള്‍ മൗനത്തിലാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സ്പ്രിംഗ്ലര്‍ വിഷയത്തില്‍ എം. ശിവശങ്കറുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയത് എന്തു ന്യായം പറഞ്ഞാലും ശരിയല്ല.
ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ പ്രതിയായതുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രതികരണം ഇതുവരെയുള്ള പാര്‍ട്ടി നയങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നുവെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. മയക്കുമരുന്ന് കേസിലല്ല ബിസിനസുമായി ബന്ധപ്പെട്ടാണു ഇഡി ചോദ്യം ചെയ്യുന്നതെന്നു പാര്‍ട്ടി സെക്രട്ടറി പറയാന്‍ പാടില്ലായിരുന്നു.
ഇങ്ങനെയൊരു പ്രതികരണം കാനം രാജേന്ദ്രന്റെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചതല്ലെന്നും ഇതു ഒരുതരത്തില്‍ കുറ്റക്കാരനെ ന്യായീകരിക്കുന്നതായിപ്പോയെന്നും കൗണ്‍സിലില്‍ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ ഇടതുമുന്നണിയ്ക്കു രാഷ്ട്രീയമായി പരാജയം സംഭവിച്ചു. വിവാദങ്ങളുണ്ടാകുമ്പോള്‍ ധാര്‍ഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റമാണു ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്കു കാരണമെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."