വയനാട് മുണ്ടക്കൈയിലെത്തിയ മാവോയിസ്റ്റുകള്‍ക്കെതിരേ കേസ്
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മുണ്ടക്കൈയിലെത്തിയ മാവോയിസ്റ്റുകള്‍ക്കെതിരേ മേപ്പാടി പൊലിസ് കേസെടുത്തു. കേരള, കര്‍ണാടക, തമിഴ്നാട് വന മേഖലകള്‍ സംഗമിക്കുന്ന വയനാട് ട്രൈജങ്ഷന് കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച വരാഹിണി ദളത്തിന്റെ നേതാവെന്ന് കരുതുന്ന സി.പി മൊയ്തീന്, ചന്തു, വേല്മുരുകന്, കന്യാകുമാരി, തിരിച്ചറിയാത്ത ഒരാള്‍ എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് എത്തിയതായാണ് പൊലിസ് കരുതുന്നത്. നിലമ്പൂര്‍ വനമേഖലയുടെ അതിര്‍ത്തി പ്രദേശമാണ് മുണ്ടക്കൈ. സംഘത്തെ പ്രദേശവാസികളായ ചിലരാണ് കണ്ടത്. ഒരു സ്ത്രീ അടക്കം അഞ്ചംഗ സംഘത്തെ ഡംഡം എസ്റ്റേറ്റ് പരിസരത്ത് കണ്ടെന്ന് നാട്ടുകാര്‍ പൊലിസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘം ഇവിടെ എത്തിയതായി ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മേപ്പാടി എസ്.ഐ ഇ.രാമചന്ദ്രനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."