വിവാദം തൊടാതെ പി.എസ്.സി ചോദ്യപേപ്പര്‍, വിദ്യാര്‍ഥികള്‍ക്ക് സമ്മിശ്ര പ്രതികരണം
കോഴിക്കോട്: സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവില്‍ ശനിയാഴ്ച നടന്ന പി.എസ്.സി പരീക്ഷയെ കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് സമ്മിശ്ര പ്രതികരണം. വിവാദങ്ങള്‍ക്ക് ഇടം നല്‍കാതെ കരുതലോടെയായിരുന്നു ചോദ്യപ്പേപ്പര്‍ തയാറാക്കിയത്.
പരീക്ഷ എളുപ്പമായിരുന്നുവെന്ന് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ പറയുമ്പോള്‍ പലര്‍ക്കും അഭിപ്രായം മറിച്ചാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗൈഡുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ കുറവായിരുന്നു. ഗൈഡിനെ മാത്രം ആശ്രയിച്ചവര്‍ക്ക് ഇതു വിനയായി.
അഭിരുചി അളക്കാനുള്ള ഭാഗത്ത് മിക്കതും പുതിയ ചോദ്യങ്ങളായിരുന്നു. അല്‍പം ബുദ്ധി പ്രയോഗിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ എളുപ്പമായിരുന്നുവെന്നാണ് ചില ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ പതിവ് ചോദ്യങ്ങള്‍ പ്രതീക്ഷിച്ചവര്‍ ആശയക്കുഴപ്പത്തിലുമായി.
ജനറല്‍ സയന്‍സിലും സമകാലിക വിഷയങ്ങളിലുമെല്ലാം ചോദ്യങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തി. ഭരണഘടന, മൗലികാവകാശം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഐ.ടി നിയമങ്ങള്‍, ദേശീയം എന്നീ വിഷയങ്ങളിലും നിലവാരമുള്ള ചോദ്യങ്ങളാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ആദ്യത്തെ 20 ചോദ്യങ്ങള്‍ക്ക് സമയം തികഞ്ഞില്ലെന്നും പരാതിയുണ്ട്. ഈ ഭാഗത്ത് കണക്ക്, മാനസികക്ഷമത തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. ദേശീയം, സമകാലികം തുടങ്ങിയ ഭാഗങ്ങളില്‍ വിവാദം തൊടാതിരിക്കാനും ചോദ്യക്കടലാസ് തയാറാക്കിയവര്‍ ശ്രദ്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."